കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ; സൂചന നല്‍കി കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് കൂടുമാറുന്നു. ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ സിപിഎം നീക്കം ആരംഭിച്ചു. ഇക്കാര്യത്തിലുള്ള സൂചനകള്‍ നല്‍കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്. ഇതിലൂടെ കോണ്‍ഗ്രസിനെയും ബിജെപിയെയും ദുര്‍ബ്ബലമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കോടിയേരി പറഞ്ഞു.

മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്നും പറയുന്നു. യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. എല്‍ഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന ഗതികേടിലായി.

കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരള കോണ്‍ഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട്‌ചെയ്യാതിരുന്നത്. കേരള കോണ്‍ഗ്രസ് എം ദേശീയതലത്തില്‍ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതെന്നും ?ലേഖനത്തില്‍ കോടിയേരി പറയുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും വിട്ടുനിന്നതോടെ ജോസ് കെ മാണിക്കെതിരേ യുഡിഎഫിലും അമര്‍ഷം പൊങ്ങി വന്നു. ജോസ് കെ മാണിക്കെതിരേ കടുത്ത നിലപാട് എടുക്കാന്‍ യുഡിഎഫിലും അഭി?പ്രായം ഉയര്‍ന്നിരിക്കുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും യുഡിഎഫ് നിര്‍ദേശം പാലിക്കാത്ത കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തോട് ഇനി അനുനയം വേണ്ടെന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം.

യുഡിഎഫിന്റെ വോട്ട് വാങ്ങി ജയിച്ച 2 അംഗങ്ങള്‍ വിപ്പ് നല്‍കിയിട്ടും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതു നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി. യുഡിഎഫില്‍ തുടരാന്‍ താല്‍പര്യമില്ല എന്ന സൂചനയാണ് ഇത് കാട്ടുന്നത്. അതേസമയം ജോസ് പക്ഷം യുഡിഎഫ് വിട്ടാലും എല്‍ഡിഎഫിലേക്ക് പാര്‍ട്ടി ചേക്കേറുന്നത് എതിര്‍ക്കുന്നവരെ യുഡിഎഫില്‍ പരിഗണിക്കണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് തള്ളുകയാണെങ്കില്‍ ജോസ് കെ മാണിക്ക് പിന്നീടുള്ള അഭയം എല്‍ഡിഎഫ് ആയി മാറും.

pathram:
Related Post
Leave a Comment