കൊച്ചി : കോവിഡ് ലോക്ഡൗണ്‍ കാലത്തു യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ 15 തവണ സ്വര്‍ണം കടത്താനുള്ള ആസൂത്രണം പൂര്‍ത്തിയാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി കേരളത്തിലും പുറത്തും വന്‍തോതില്‍ പണം സ്വരൂപിച്ചു ദുബായിലെത്തിച്ചതായും വിവരം ലഭിച്ചു.
കൂടുതല്‍ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്നാണു ചില പ്രതികളുടെ മൊഴി. ലോക്ഡൗണില്‍ തന്റെ പേരില്‍ അയച്ച രണ്ടാമത്തെ സ്വര്‍ണപാഴ്‌സല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആരോ ഒറ്റിയതെന്നു ദുബായിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദ് മൊഴി നല്‍കി.
പ്രതികളായ കെ.ടി. റമീസ്, റബിന്‍സ്, ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് ലോക്ഡൗണിനു മുന്‍പു 19 തവണ സ്വര്‍ണം കടത്തിയതിന്റെ തെളിവുകള്‍ എന്‍ഐഎയും കസ്റ്റംസും ശേഖരിച്ചു.
അവസാന 2 തവണ മാത്രമാണു തന്റെ പേരിലയച്ച പാഴ്‌സലില്‍ സ്വര്‍ണം കടത്തിയതെന്നാണു ഫൈസലിന്റെ നിലപാട്. യുഎഇ പൗരന്മാരായ ദാവൂദ്, ഹാഷിം എന്നിവരുടെ പേരിലും പ്രതികള്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട്. ദാവൂദിന്റെ പേരില്‍ 14 തവണയും ഹാഷിമിന്റെ പേരില്‍ ഒരു തവണയും കടത്തി. ഇതിനു പുറമേ ബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരില്‍ 4 തവണ കൊണ്ടുവന്നു.
തിരുവനന്തപുരത്തിനു പുറമേ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങള്‍ വഴിയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണു സൂചന. എന്നാല്‍ തിരുവനന്തപുരം വഴി കടത്താന്‍ ദുബായിലെ റാക്കറ്റ് കൂടുതല്‍ താല്‍പര്യപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലും വിമാനത്താവളത്തിലും സ്വപ്ന, സരിത് എന്നിവര്‍ക്കുള്ള സ്വാധീനമാണ് ഇതിനു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Leave a Comment