പിന്മാറാതെ ചൈന; അതിര്‍ത്തിയില്‍ സൈനിക സന്നാഹം കൂട്ടുന്നു

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യയും തുല്യരീതിയില്‍ ഒരുങ്ങുന്നു. തോളില്‍ വച്ചു വിക്ഷേപിക്കാവുന്ന മിസൈലുകള്‍ അടക്കം സന്നാഹങ്ങളുമായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ ഇന്ത്യ സൈനികരെ വിന്യസിച്ചു.

സാധാരണ സെപ്റ്റംബര്‍ പകുതിയോടെ തണുപ്പു മൂലം ഇരുപക്ഷവും ഈ ഭാഗത്തു നിന്നു പിന്മാറാറുണ്ട്. എന്നാല്‍ ഇത്തവണ ശീതകാലത്തും സൈനിക സന്നാഹം ശക്തമായി തുടരും. ജൂണില്‍ ഗാല്‍വനിലെ സംഘര്‍ഷത്തിനു ശേഷം പലവട്ടം സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചൈനീസ് പട്ടാളം ഇപ്പോഴും തുടരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍.

20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ആക്രമണം നടന്ന ഗാല്‍വനില്‍ നിന്ന് പിന്മാറിയെങ്കിലും പാംഗ്ഗോങ് മലനിരകളിലും ഡെപ്‌സാങിലും ചൈനീസ് സൈന്യം തുടരുകയാണ്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ 8 കിലോമീറ്ററോളം ചൈന കടന്നു കയറിയെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കപ്പെട്ടിട്ടില്ല എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.

നിയന്ത്രണ രേഖയോടു ചേര്‍ന്ന ടിബറ്റ് മേഖലയിലെ ഗ്യാന്റ്‌സെയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മിസൈലുകളടക്കം സ്ഥാപിച്ചു വന്‍ സൈനിക സന്നാഹം നടത്തുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിലുണ്ട്. ജനുവരിക്കു ശേഷമാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. വലിയ സംഘം സൈനികര്‍ക്കു താമസിക്കാനുള്ള സജ്ജീകരണങ്ങള്‍, 600 വാഹനങ്ങള്‍ക്കെങ്കിലുമുള്ള ടെന്റുകള്‍, ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ടെന്റുകള്‍, റോഡ് നിര്‍മാണം എന്നിവയും തകൃതിയാണ്. ഇവിടെ നിന്ന് അരുണാചലിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ നീങ്ങാന്‍ കഴിയും. തവാങ്ങിനു മേല്‍ ചൈന അവകാശവാദമുന്നയിക്കുകയും ചെയ്യുന്നുണ്ട്. വ്യോമാക്രമണം തടുക്കുന്നതിനുള്ള മിസൈലുകളാണു ഗ്യാന്റ്‌സെയില്‍ ചൈന എത്തിച്ചിരിക്കുന്നത്.

2 മുതല്‍ 5 കിലോമീറ്റര്‍ വരെ ദൂരെ ആക്രമണം നടത്താനും ഹെലികോപ്റ്ററുകളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും വീഴ്ത്താനും കഴിയുന്ന മിസൈലുകളാണ് ഇന്ത്യ സജ്ജമാക്കിയത്. വ്യോമസേന മുന്‍നിര യുദ്ധവിമാനങ്ങളായ സുഖോയ് 30, ജാഗ്വര്‍, മിറാഷ് 2000 എന്നിവ ലേ, ശ്രീനഗര്‍ താവളങ്ങളില്‍ സജ്ജമാക്കി. സൈനികരെ എത്തിക്കാന്‍ അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകളും സജ്ജം

pathram:
Leave a Comment