മുംബൈ: സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിയ ചക്രവര്‍ത്തി. താന്‍ ഇതുവരെ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും റിയ പറഞ്ഞു. ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റിയയുടെ വെളിപ്പെടുത്തല്‍.
‘സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാന്‍ അവനെ നിയന്ത്രിക്കാനും ഉപയോഗം നിര്‍ത്തുവാനുമാണ് ശ്രമിച്ചത്. ഞാന്‍ ഇതുവരെ ഒരു ലഹരി ഇടപാടുകാരനുമായും സംസാരിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഏതു തരത്തിലുമുള്ള രക്തപരിശോധനയ്ക്കും ഞാന്‍ തയാറാണ്. ഞാന്‍ പറയുന്നതെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്’ റിയ പറഞ്ഞു.
റിയയുടെ വാട്‌സാപ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് അവര്‍ക്കു ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സുശാന്തിന് ലഹരിമരുന്നുകള്‍ നല്‍കിയിരുന്നുവെന്നും അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട നര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയയ്‌ക്കെതിരെ കേസും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ റിയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്കു തയാറാണെന്നും റിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുശാന്ത് അറിയാതെ റിയ ലഹരിമരുന്ന് നല്‍കുകയായിരുന്നുവെന്നാണ് സുശാന്തിന്റെ അഭിഭാഷകന്‍ വികാസ് സിങ് ആരോപിച്ചത്.
തങ്ങള്‍ ഒന്നിച്ചുള്ള യുറോപ്യന്‍ യാത്രയില്‍ സുശാന്ത് കുടുംബവുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും റിയ പറഞ്ഞു. സുശാന്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വിഷാദരോഗത്തെ കുറിച്ച് അറിവുണ്ടായിരുന്നു. മരുന്നുകളെയും ഡോക്ടര്‍മാരെയും കുറിച്ച് നവംബറില്‍ ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നിട്ടും ഒരു രാത്രി സുശാന്തിനെ തനിച്ചാക്കി അവര്‍ ഇറങ്ങിപ്പോയി. സുശാന്തിന്റെ സഹോദരി അര്‍ധരാത്രിയില്‍ എന്നോട് മോശമായി പെരുമാറിയപ്പോള്‍ ഞാനും സുശാന്തും തമ്മിലുള്ള ബന്ധത്തിലും പ്രശ്‌നങ്ങളുണ്ടായി.
റിയ സുശാന്തിന് വിഷം നല്‍കിയിരുന്നെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും സുശാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു. ‘ഞാന്‍ അദ്ദേഹത്തിന്റെ മകനെ സ്‌നേഹിച്ചു. ഇവക്കൊന്നും ഒരു മനുഷ്യത്വവുമില്ലേ? ഞാന്‍ അദ്ദേഹത്തിന്റെ മകനെ നല്ലതുപോലെ നോക്കി. എന്നെ അവന്റെ കാമുകിയായി അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തിന് എന്നോടുള്ള സ്‌നേഹമെങ്കിലും മനസ്സിലാക്കി അല്‍പം മനുഷ്യത്വം കാണിച്ചു കൂടെ..?’ റിയ ചോദിക്കുന്നു.
സുശാന്ത് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോക്ഡൗണില്‍ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതല്‍ മോശമായിരുന്നു. മികച്ച ഡോക്ടര്‍മാരാണ് അവനെ പരിചരിച്ചിരുന്നത്. അവര്‍ അവന് മരുന്നുകള്‍ പലതും നല്‍കിയിരുന്നു. എന്നാല്‍ ജനുവരിയോടെ അവനതു കഴിക്കുന്നത് നിര്‍ത്തി. ഞാനാണ് അവനെ നിയന്ത്രിച്ചിരുന്നതെങ്കില്‍ എനിക്ക് മരുന്ന് കഴിപ്പിക്കാമായിരുന്നു.
വിഷം നല്‍കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. എത്ര വേദനാജനകമായ ആരോപണങ്ങളാണിത്. ഇതില്‍ എന്തൊക്കെ കളികളാണ് നടക്കുന്നതെന്ന് എനിക്ക് അറിയണം. സുശാന്തിന് നീതി ലഭിക്കണം. അവസാന ഒരാഴ്ചയില്‍ എന്തു മാറ്റമാണ് ഉണ്ടായതെന്ന്, എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിയണം’ റിയ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്. ഒരു സാധാരണ കുടുംബത്തെ ഇല്ലാതാക്കാനാണ് നോക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
Leave a Comment