കോവിഡ് രോഗികളുടെ എണ്ണം വികസിത, വികസ്വര രാജ്യമെന്ന ഭേദമില്ലാതെ ലോകമെമ്പാടും പെരുകുകയാണ്. ഇതിനിടയിലും നമ്മുടെ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും കോവിഡിനോട് ഒരു അലസ മനോഭാവം വികസിച്ചു വരികയാണ്. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കൈകഴുകുന്നതിലുമൊക്കെ അലംഭാവം കാണിക്കുന്ന ചിലരെയെങ്കിലും ചുറ്റും കാണാവുന്നതാണ്.
തങ്ങള്‍ക്ക് ഇതിനകം കോവിഡ് വന്നു പോയി കാണുമെന്നും ഇനി പേടിക്കാനില്ലെന്നുമുള്ള ധാരണയാണ് ഈ അലസ മനോഭാവത്തിന് പിന്നില്‍. എന്നാല്‍ ഈ വിചാരം അത്യന്തം അപകടകരമാണെന്നും ഇത് കോവിഡ് പ്രതിരോധത്തിന്റെ താളം തെറ്റിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
സമൂഹത്തിന് മാത്രമല്ല വീട്ടിലുള്ളവര്‍ക്കും ഈ ചിന്ത അപകടകരമാകും. വൈറസ് വന്നു പോയെന്ന ധാരണയില്‍ ജാഗ്രതയോടെ നടക്കാത്തത് പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും അടക്കമുള്ള ഉയര്‍ന്ന റിസ്‌കുള്ള ജനവിഭാഗങ്ങള്‍ക്ക് കോവിഡ് പകരാന്‍ കാരണമാകും. അവരെ സംബന്ധിച്ചിടത്തോളം ജീവന്‍തന്നെ അപകടത്തിലാക്കാന്‍ ഈ മനോഭാവം ഇടയാക്കിയേക്കാം.
ഇനി ആന്റിബോഡി ടെസ്റ്റ് നടത്തി നിങ്ങള്‍ക്ക് കോവിഡ് വന്നു പോയി എന്ന് തെളിഞ്ഞു എന്നിരിക്കട്ടെ. അതുകൊണ്ട് ജാഗ്രതയില്ലാതെ കറങ്ങി നടക്കാന്‍ സാധിക്കുമോ? ഇല്ല എന്നാണ് ഉത്തരം. കൊറോണ വൈറസിനെ കുറിച്ച് ഇനിയും നമുക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്. ഒരിക്കല്‍ ബാധിച്ചവര്‍ക്ക് പിന്നീട് ഒരിക്കലും കോവിഡ് വരില്ല എന്ന് ശാസ്ത്രലോകം ഇനിയും അസന്ദിഗ്ധമായി തെളിയിച്ചിട്ടില്ല. ലണ്ടനിലെ കിങ്ങ്സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തിയത് കോവിഡ് രോഗമുക്തരായവരുടെ ശരീരത്തിലെ ആന്റിബോഡികളുടെ തോത് രണ്ട് മൂന്ന് മാസങ്ങള്‍ക്കകം ഇടിയുന്നതായിട്ടാണ്. ചില കേസുകളില്‍ ഇവ പൂര്‍ണമായും അപ്രത്യക്ഷമായിട്ടുണ്ട്. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക്തന്നെ വീണ്ടും വന്നതായുള്ള റിപ്പോര്‍ട്ടുകളും പല സ്ഥലങ്ങളില്‍ നിന്ന് വരുന്നു.
ഈയവസ്ഥയില്‍ കോവിഡ് വന്നു പോയിരിക്കാം എന്ന ചിന്ത പരിശോധനയില്‍ തെളിഞ്ഞാല്‍ പോലും അലംഭാവത്തിന് കാരണമാകരുത് എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Leave a Comment