സ്വര്‍ണക്കടത്ത്: ഐടി ഫെല്ലോയെയും മാധ്യമപ്രവര്‍ത്തകനെയും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അരുണ്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരുവനന്തപുരത്ത് സ്വപ്‌നയ്ക്ക് താമസിക്കാന്‍ വേണ്ടി ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രാകാരം ഫ്‌ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് അരുണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ ഫ്‌ളാറ്റില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കസ്റ്റംസ് അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. വ്യാഴാഴ്ച 11 മണിയോടെ അനില്‍ നമ്പ്യാര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനില്‍നമ്പ്യാര്‍. സ്വര്‍ണം പിടിച്ച ദിവസം അനില്‍ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴി. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.

pathram:
Leave a Comment