ഫെയ്‌സ്ബുക്കില്‍ പരസ്യത്തിലും മുന്നില്‍ ബിജെപി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയതില്‍ ഇന്ത്യയില്‍ ബിജെപി മുന്നില്‍. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് പരസ്യത്തിനായി ബിജെപി ഫെയ്‌സ്ബുക്കില്‍ മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് 24 വരെ കണക്കാണിത്. ഇതേ കാലയളവില്‍ കോണ്‍ഗ്രസ് മുടക്കിയത് 1.84 കോടി രൂപ. പരസ്യത്തിനായി പണം മുടക്കിയവരില്‍ ആദ്യ പത്തില്‍ മറ്റു നാലെണ്ണം ബിജെപിയുമായി ബന്ധമുള്ള പേജുകളാണ്. അതില്‍ മൂന്നെണ്ണത്തില്‍ നല്‍കിയിരിക്കുന്നത് ഡല്‍ഹിയിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വിലാസവും

‘മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി’ എന്ന ഫെയ്‌സ്ബുക് പേജ് ചെലവഴിച്ചിരിക്കുന്നത് 1.39 കോടി രൂപയാണ്. ‘ഭാരത് കെ മാന്‍ കി ബാത്ത്’ 2.24 കോടി രൂപ, ‘നേഷന്‍ വിത്ത് നമോ’ 1.28 കോടി രൂപ, ബിജെപി നേതാവും മുന്‍ എംപിയുമായ ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക് പേജ് 65 ലക്ഷം രൂപ. ഇതെല്ലാം കൂടി കണക്കാക്കിയാല്‍ 10.17 കോടി രൂപയാണ് ബിജെപിക്കായി ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി ചെലവഴിച്ചിരിക്കുന്നത്. ഇത് ആദ്യ പത്തു പേജുകളുടെ മൊത്തം പരസ്യ ചെലവിന്റെ (15.81 കോടി) 64 ശതമാനമാണ്.

69 ലക്ഷം രൂപ ചെലവഴിച്ച് ആം ആദ്മി പാര്‍ട്ടിയാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി. ഡെയ്ലിഹണ്ട് ഒരു കോടിയിലധികം രൂപയും ഫ്‌ലിപ്കാര്‍ട്ട് 86.43 രൂപയും പരസ്യത്തിനായി ചെലവഴിച്ചു. വിഡിയോ ആപ്ലിക്കേഷന്‍ ‘പബ്ലിക്’ 1.24 കോടി രൂപയാണ് ചെലവഴിച്ചത്.

pathram:
Leave a Comment