തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപ്പിടിത്തമുണ്ടായ ഉടനെ സംഭവസ്ഥലത്തെത്തിയവർക്കെതിരെ അന്വേഷണം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. സെക്രട്ടറിയേറ്റിലുണ്ടായ സുരക്ഷാ വീഴ്ചയുടെ പേരിലാണ് സുരേന്ദ്രനുള്‍പ്പടെ തീപ്പിടിത്തമുണ്ടായ ഉടനെ സെക്രട്ടറിയേറ്റിലേക്കെത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തുന്നത്.
തീപ്പിടിത്തമുണ്ടായി ചീഫ് സെക്രട്ടറി താഴെ എത്തുന്നതിന് മുമ്പുതന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേതാക്കളും എങ്ങനെ അവിടെയെത്തി എന്ന കാര്യം സംശയകരമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. എന്തെങ്കിലും തരത്തിലുളള ഗൂഢാലോചന ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സര്‍ക്കാരിന് സംശയമുണ്ട്. അതുകൊണ്ട് തീപ്പിടിത്തം ഉണ്ടായതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
സെക്രട്ടറിയേറ്റിലേക്ക് ആര്‍ക്കും കയറിവരാവുന്ന സ്ഥിതി ഇപ്പോഴുണ്ട്. അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിനൊപ്പം സെക്രട്ടറിയേറ്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ടുളള തീരുമാനവുമുണ്ടാകും. സെക്രട്ടറിയേറ്റിലെ സുരക്ഷാപോരായ്മകള്‍ പരിഹരിച്ച് നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ സെക്രട്ടറിയേറ്റില്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തനിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പൊതുജനങ്ങളും മാധ്യമപ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നപ്പോഴാണ് സെക്രട്ടറിയേറ്റില്‍ താന്‍ എത്തിയത്. മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ അവിടെയെത്തിയതെന്നും തന്റെ ഓഫീസും സംഭവസ്ഥലവും തമ്മില്‍ വലിയ ദൂരമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Leave a Comment