പാതകളിലെ വേഗം കൂട്ടാനൊരുങ്ങി റെയിൽവേ; കേരളത്തിലെ പാതകൾ ഇല്ല

കൊച്ചി: സ്വകാര്യ ട്രെയിനുകളോടിക്കുന്നതിനു മുന്നോടിയായി പാതകളിലെ വേഗം കൂട്ടാനൊരുങ്ങി ദക്ഷിണ റെയിൽവേ. ഇതിന്റെ ഭാഗമായി പ്രധാന റൂട്ടുകളിൽ വേഗ പരിശോധന പൂർത്തിയായി. എന്നാൽ കേരളത്തിലെ പാതകളൊന്നും വേഗം കൂട്ടുന്നവയിൽ ഇല്ല. ചെന്നൈ–ഗുഡൂർ, ചെന്നൈ–റേനിഗുണ്ട സെക്‌ഷനുകളാണു മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ ശേഷി ഉയർത്തുന്നത്. പഴയ പാളങ്ങൾ മാറ്റിയും വളവുകൾ നിവർത്തിയുമാണു വേഗം കൂട്ടുന്നത്. പാത മുറിച്ചു കടക്കുന്നതു ഒഴിവാക്കാൻ ആവശ്യമായ സ്ഥലങ്ങളിൽ പാതയ്ക്ക് ഇരുവശവും വേലി കെട്ടും. ലവൽ ക്രോസുകൾ ഒഴിവാക്കാൻ‍ അടിപ്പാതകളും നിർമിക്കും. 15 മാസത്തിനുളളിൽ ജോലി പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കേരളത്തിൽ വേഗം കൂട്ടൽ എളുപ്പമാകില്ലെന്നു അധികൃതർ പറഞ്ഞു. ചെന്നൈ–മധുര, ചെന്നൈ–കോയമ്പത്തൂർ പാതകളിലെ വേഗം മണിക്കൂറിൽ 120 കിലോമീറ്ററാക്കി ഉയർത്താനും പദ്ധതിയുണ്ട്. കേരളത്തിൽ ഷൊർണൂർ–മംഗളൂരു റൂട്ടിൽ പരമാവധി വേഗം 110 കിലോമീറ്ററാണെങ്കിലും ഷൊർണൂർ–എറണാകുളം സെ‌ക്‌ഷനിൽ 80 കിമീ മാത്രമാണു വേഗം. ഇവിടെ വളവുകളും കയറ്റിറക്കങ്ങളും വേഗം കൂട്ടലിന് തടസമാണ്. ഷൊർണൂർ–എറണാകുളം നിർദിഷ്ട മൂന്നാം പാത 130 കിമീ വേഗം സാധ്യമാകുന്ന തരത്തിൽ ഡിസൈൻ ചെയ്യണമെന്നു റെയിൽവേ ബോർഡ് നിർദേശിച്ചിരുന്നെങ്കിലും ഇപ്പോഴുളള പല സ്റ്റേഷനുകളും പുതിയ അലൈൻമെന്റിൽ പുറത്താകുമെന്ന കാരണത്താൽ അന്തിമ തീരുമാനം വന്നിട്ടില്ല.

തമിഴ്നാട്ടിലെ പാതകളിൽനിന്നു വ്യത്യസ്തമായി പാതയുടെ 60 ശതമാനവും വളവുകളായതിനാൽ കേരളത്തിലെ പാതകളിൽ വേഗം കൂട്ടുന്നതു പ്രായോഗികമല്ലെന്നു വിദഗ്ധർ പറയുന്നു. ഇത് കേരളത്തിൽ സ്വകാര്യ ട്രെയിൻ സർവീസിനുളള സാധ്യത കുറയ്ക്കും. പണ്ടുണ്ടായിരുന്ന മീറ്റർ ഗേജ് പാതകൾ അലൈൻമെന്റിൽ കാര്യമായ മാറ്റം വരുത്താതെ ബ്രോഡ്ഗേജാക്കിയതിന്റെ എല്ലാ പരിമിതികളും കേരളത്തിലെ പാതകളിലുണ്ട്.

ഇതിന് അവസാന ഉദാഹരണമാണു പുനലൂർ–ചെങ്കോട്ട പാതയിലെ ഗേജ് മാറ്റം. ഭൂമിയേറ്റെടുക്കുന്നത് ഒഴിവാക്കാൻ പഴയ അലൈൻമെന്റ് നിലനിർത്തിയതോടെ പുതിയ പാതയിൽ 30 കിലോമീറ്ററാണ് അനുവദീനയമായ വേഗം. പ്രാദേശിക എതിർപ്പു മൂലമാണു പഴയ അലൈൻമെന്റിൽ തന്നെ പാത നിർമിക്കേണ്ടി വന്നത്. മീറ്റർ ഗേജ്, ബ്രോഡ്ഗേജാക്കി മാറ്റിയപ്പോൾ പുതിയ അലൈൻമെന്റ് സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നു വിദഗ്ധർ പറയുന്നു. എന്നാൽ ഷൊർണൂർ–മംഗളൂരു പാത ബ്രോഡ്ഗേജായി ആദ്യം തന്നെ ഡിസൈൻ ചെയ്തിട്ടുളളതിനാൽ പാതയിൽ വളവുകൾ കുറവാണ്. ഇത് ഭാവിയിൽ 130 കിലോമീറ്റർ വേഗത്തിലേക്കു ഉയർത്താൻ കഴിയുമെങ്കിലും റെയിൽവേ ബോർഡിന്റെ മുൻഗണന പട്ടികയിൽ വന്നിട്ടില്ല.

pathram desk 1:
Related Post
Leave a Comment