ചൈന അതിർത്തിയിൽ പുതിയ നീക്കവുമായി ഇന്ത്യ. കിഴക്കൻ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോടു ചേർന്ന് നിരീക്ഷണം നടത്തുന്ന ചൈനീസ് ഹെലിക്കോപ്റ്ററുകളെ തുരത്താൻ ഇന്ത്യൻ സേന തയ്യാറെടുത്തു കഴിഞ്ഞു. അതിപ്രധാന മേഖലകളിൽ ഷോൾഡർ ഫയേർഡ് എയര്‍ ഡിഫൻസ് മിസൈലുകളുമായി സേനയെ വിന്യസിച്ചു. റഷ്യൻ നിർമിത എയർ ഡിഫൻസ് സംവിധാനമാണ് വിന്യസിച്ചിരിക്കുന്നത്. കരസേനയും വ്യോമസേനയും റഷ്യന്‍ നിര്‍മിത ഇഗ്ല സംവിധാനം ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യൻ വ്യോമമേഖലയിൽ കടന്നുകയറാൻ ശ്രമിക്കുന്ന ശത്രു വിമാനങ്ങളെ തകർക്കാനാണ് ഇതെന്നു വാർത്ത ഏജൻസിയായ എഎൻഐ പറഞ്ഞു. റഡാറുകളും കരയില്‍നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലുകളും ഉപയോഗിച്ചു ശത്രുക്കളുടെ നീക്കം തകർക്കാവുന്ന തരത്തിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. കിഴക്കൻ ലഡാക്കിലും ഗൽവാൻ താഴ്‌വരയിലും പട്രോളിങ് പോയിന്റ് 14ലും ചൈനീസ് ഹെലിക്കോപ്റ്ററുകൾ ഇന്ത്യൻ മേഖലയിലേക്കു വ്യോമമാർഗം കടന്നുകയറാൻ ശ്രമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കിഴക്കൻ ലഡാക്കിലേക്കു ചൈനീസ് ഹെലിക്കോപ്റ്ററുകൾ കടന്നുകയറുന്നതു തടയുന്നതിനായി മേയ് ആദ്യം സുഖോയ് 30 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന വിന്യസിച്ചിരുന്നു. സിൻചിയാങ് മേഖലയിലെ ഹോട്ടൻ, ഗർ ഗുൻസ, കാശ്റർ, ഹോപിങ്, ദോങ്ക ദസോങ്, ലിൻഷി തുടങ്ങിയ വ്യോമതാവളങ്ങളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.
Leave a Comment