ചൈനയ്ക്ക് വന്‍ തിരിച്ചടി; വന്‍ കമ്പനികള്‍ രാജ്യം വിട്ട് പോകുന്നു

ചൈനീസ് കമ്പനികൾക്കും ഉൽപ്പന്നങ്ങൾക്കും അമേരിക്കൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും വ്യാപാര വിലക്കുകൾ ഏർപ്പെടുത്തുന്നതും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയും യൂറോപ്പും അമേരിക്കയുമെല്ലാം ചൈനീസ് സാങ്കേതിക വിദ്യകളോട് നോ പറയുമ്പോൾ ചൈനയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ആഗോള വിപണിയിൽ ചൈന ശത്രുപക്ഷത്ത് നിൽക്കുമ്പോൾ ചൈനയോട് നോ പറയുകയാണ് വിദേശ കമ്പനികൾ.

അതിന് ഉദാഹരണങ്ങളാണ് തായ് വാനീസ് ഇലക്ട്രോണിക്സ് കമ്പനികളായ ഫോക്സ്കോണും, പെഗട്രോണും. അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം രൂക്ഷമായിരിക്കെ ആഗോള വിപണിയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ കമ്പനികൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ വഴി നോക്കുകയാണ്. അടുത്തിടെ ഫോക്സ്കോൺ ഇന്ത്യയിലെ നിർമാണ പ്രവർത്തനങ്ങൾ വർധിപ്പിച്ചിരുന്നു.

ഇന്ത്യ ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ നിർമാണ ശാലകൾ മാറ്റുകയാണ് ഇവർ. ഈ രണ്ട് കമ്പനികൾ മെക്സികോയിൽ പുതിയ ഫാക്ടറികൾ നിർമിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ട്.

വിവിധ ബ്രാന്റുകൾക്ക് വേണ്ടി ഫോണുകൾ നിർമിച്ച് കൊടുക്കുന്ന കമ്പനികളാണ് ഫോക്സ് കോണും, പെഗട്രോണും. മെക്സിക്കോയിൽ ഏത് കമ്പനിയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുകയെന്ന് വ്യക്തമല്ല. എന്നാൽ ഫോക്സ്കോൺ ഐഫോൺ ഫാക്ടറിയായിരിക്കും മെക്സികോയിൽ നിർമിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഇരു കമ്പനികളും പുതിയ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകൾ നടക്കുന്നതേയുള്ളൂ ഇതിൽ അന്തിമ തീരുമാനമായിട്ടില്ല. അമേരിക്കയുമായുള്ള വാണിജ്യതർക്കങ്ങൾ ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടാണ് മറ്റ് രാജ്യങ്ങളിലേക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. അതേസമയം ചൈനീസ് കമ്പനികളുടെ ഉൽപ്പന്ന കയറ്റുമതിയെയും യുഎസ്-ചൈന തർക്കം ബാധിച്ചിട്ടുണ്ട്.

pathram desk 2:
Leave a Comment