അണ്‍ലോക്ക് നാലാംഘട്ടം; സ്‌കൂളുകളും കോളജുകളും തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കില്ല

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലാംഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. അണ്‍ലോക്ക് നാലാംഘട്ടത്തിലെ ഇളവുകളുടെ ഭാഗമായി മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചേക്കും. പ്രാദേശിക ഭരണകൂടങ്ങളുമായും മെട്രോ കോര്‍പ്പറേഷനുകളുമായും കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അണ്‍ലോക്ക് നാലാംഘട്ട നിബന്ധനകള്‍ ഈ വാരം അവസാനം പുറത്തിറക്കിയേക്കും.

മെട്രോ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം അനുവദിക്കില്ല. പകരം കോണ്‍ടാക്ട്‌ലെസ് യാത്ര ഉറപ്പാക്കുന്നതിന്‍െ്‌റ ഭാഗമായി കാര്‍ഡ് സംവിധാനം മാത്രമേ അനുവദിക്കൂ. മാര്‍ച്ച് 22 മുതല്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യവില്‍പ്പന അനുവദിച്ചേക്കും. രാജ്യത്തെ ബാറുകളും മാര്‍ച്ച് 25 മുതല്‍ അടഞ്ഞ് കിടക്കുകയാണ്.

അതേസമയം സിനിമാശാലകളും ഓഡിറ്റോറിയങ്ങളും ഒരു മാസത്തേക്ക് കൂടി അടഞ്ഞ് കിടക്കും. സിനിമാശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാലും അത് ലാഭകരമായിരിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ തീയറ്ററുകളില്‍ 25-30 ശതമാനം ആളുകളെ മാത്രമേ അനുവദിക്കാനാകൂ അതുകൊണ്ടുതന്നെ തീയറ്റര്‍ നടത്തിപ്പ് ലാഭകരമായിരിക്കില്ല.

സ്‌കൂളുകളും കോളജുകളും അടഞ്ഞ് കിടക്കും. അതേസമയം ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും തുറന്നേക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണ്. സാമൂഹ്യ, രാഷ്ട്രീയ, കായിക, അക്കാദമിക, മത, സാംസ്‌കാരിക പരിപാടികള്‍ പോലെ വലിയ ജനക്കൂട്ടം എത്താനിടയുള്ള പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. അതേസമയം കണ്ടെയ്ന്‍മെന്‍്‌റ് സോണുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍ തുടരും.

pathram:
Leave a Comment