സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു; 9 മേഖലകളില്‍ 70% സ്വദേശിവല്‍ക്കരണം,പ്രവാസികള്‍ ആശങ്കയില്‍

ജിദ്ദ: ഒരിടവേളയ്ക്കുശേഷം സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് ജോലികളില്‍ 20% സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് ഒടുവിലെ തീരുമാനം. വ്യാഴാഴ്ച മുതല്‍ 9 മേഖലകളില്‍ 70% സ്വദേശിവല്‍ക്കരണം തുടങ്ങി.

ഇതിലൂടെ ഈ രംഗത്തെ 50% വിദേശികള്‍ക്ക് ജോലി നഷ്ടമാകും. മലയാളികള്‍ അടക്കം പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയിലാണ്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹിയാണു സ്വദേശിവല്‍ക്കരണം സംബന്ധിച്ച ഉത്തരവിറക്കിയത്. ബിരുദധാരികളായ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.

തേയില-കാപ്പി-തേന്‍പഞ്ചസാര- മസാലകള്‍, മിനറല്‍ വാട്ടര്‍-പാനീയങ്ങള്‍, പഴം-പച്ചക്കറി, ധാന്യങ്ങള്‍-വിത്തുകള്‍-പൂക്കള്‍-ചെടികള്‍-കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍-സ്റ്റേഷനറി, പ്രസന്റേഷന്‍-ആക്സസറീസ്-കരകൗശല വസ്തുക്കള്‍- പുരാവസ്തുക്കള്‍, ഗെയിമുകള്‍- കളിക്കോപ്പുകള്‍, ഇറച്ചി-മത്സ്യം-മുട്ട-പാല്‍ ഉല്‍പന്നങ്ങള്‍-പാചക എണ്ണകള്‍, ശുചീകരണ വസ്തുക്കള്‍-പ്ലാസ്റ്റിക്-സോപ്പ് എന്നിവ വില്‍ക്കുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് 70% സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.

പബ്ലിക് റിലേഷന്‍സ് മാനേജര്‍, കാഷ്യര്‍, സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍, സൂപ്പര്‍വൈസര്‍, സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന മേധാവി, മാര്‍ക്കറ്റിങ് സ്പെഷലിസ്റ്റ്, കോഫി മേക്കര്‍, സെയില്‍സ്മാന്‍ എന്നീ തസ്തികകള്‍ക്ക് സ്വദേശിവല്‍ക്കരണം ബാധകമാണ്. ഇതുവഴി 50,000ത്തോളം സ്വദേശികള്‍ക്കു ജോലി ലഭ്യമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ 21,000 സൗദി പൗരന്മാരാണ് ഈ മേഖലകളില്‍ ജോലി ചെയ്യുന്നത്.

pathram:
Leave a Comment