വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരിയില്‍ കയറി നിരങ്ങിയ കാലമല്ല ഇത്; അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി: സ്വരാജ്

തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് എം.എല്‍.എ. പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അതുമായി വന്നു. ഇത് ഒരുക്കി തന്നത് യു.ഡി.എഫിന് മറുപടി കൊടുക്കാനുള്ള വേദിയാണെന്നും സ്വരാജ് പറഞ്ഞു. കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം ചില മാധ്യമങ്ങളുടെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്നു. മാന്യതയുടെ മുഖം മൂടി അണിഞ്ഞ യു.ഡി.എഫ്. തങ്ങളുടെ കാലത്തെ അഴിമതിയുടെ തീവെട്ടിക്കൊള്ളയെ പറ്റി മറന്ന് പോയി. പ്രമേയ അവതരണം നടത്തിയ വി.ഡി.സതീശന്‍ പോലും അവരുടെ സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിച്ചത് തീവെട്ടിക്കൊള്ളയെന്നാണ്. പക്ഷെ പ്രമേയാവതാരകന്‍ ഈ അവിശ്വാസം അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരേ പോലും ആ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.

അഴിമതി കൊടികുത്തി വാഴുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് നേതാവ് പോലും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അന്ന് വിമര്‍ശിച്ചത്. ഇന്നിവിടെ പ്രതിപക്ഷ നേതാവ് പോലും ഞങ്ങള്‍ക്കെതിരേ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് നിങ്ങളുടെ അത്ര അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ക്കെതെിരേ ഉയര്‍ന്നിട്ടില്ല എന്ന് നിങ്ങള്‍ക്ക് തന്നെ അറിയുന്നത് കൊണ്ടാണ്. നിങ്ങളുടെ ആരോപണങ്ങളെയെല്ലാം പൊളിക്കാനുള്ള ഒരു വേദിയായി അവിശ്വാസ പ്രമേയം മാറിയതില്‍ നന്ദിയുണ്ടെന്നും സ്വരാജ് പറഞ്ഞു.

വിഷം പുരട്ടിയ പ്രചാരണമാണ് സര്‍ക്കാരിന് എതിരേ നടക്കുന്നത്. നിങ്ങളുടെ കാലത്തെ അഴിമതിയെ പറ്റി പറയാന്‍ തുടങ്ങിയാല്‍ ഈ സമയം മതിയാവില്ല. വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരിയില്‍ കയറി നിരങ്ങിയ കാലമല്ല ഇതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണമെന്നും സ്വരാജ് ഓര്‍മിപ്പിച്ചു.

pathram:
Related Post
Leave a Comment