സുശാന്തിന്റെ മരണം; റിയയ്ക്കും പിതാവിനും സിബിഐ സമന്‍സ്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ കാമുകി നടി റിയ ചക്രവര്‍ത്തിക്കും റിയയുടെ പിതാവിനും സിബിഐ സമന്‍സ് അയച്ചു. അതേസമയം, റിയയ്‌ക്കോ കുടുംബത്തിനോ സിബിഐയില്‍ നിന്ന് സമന്‍സ് ലഭിച്ചിട്ടില്ലെന്നും, വിളിച്ചാല്‍ സിബിഐയ്ക്കു മുന്നില്‍ ഹാജരാകുമെന്നും റിയയുടെ അഭിഭാഷകന്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് സുശാന്തിന്റെ കുടുംബം റിയയ്‌ക്കെതിരെ പട്‌നയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് റിയ കോടികള്‍ എടുത്തതായി സുശാന്തിന്റെ പിതാവ് ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിയയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. കേസ് ഏറ്റെടുക്കാന്‍ സുപ്രീം കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ പ്രത്യേക സിബിഐ സംഘം മുംബൈയിലാണ്. ഞായറാഴ്ച സുശാന്തിന്റെ പാചകക്കാരന്‍ നീരജ്, സുശാന്തിനൊപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥ് പിത്താനി എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം, സിബിഐ സംഘം ഫൊറന്‍സിക് വിദഗ്ധരുമായി ചേര്‍ന്ന് സുശാന്തിന്റെ വസതിയിലെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോയ കൂപ്പര്‍ ആശുപത്രിയിലും സിബിഐ സംഘം എത്തി. റിയയ്ക്ക് മോര്‍ച്ചറിയിലേക്ക് അനധികൃതമായി പ്രവേശനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോര്‍ച്ചറിയില്‍ 45 മിനിറ്റ് സമയത്തേക്കാണ് പ്രവേശനം നല്‍കിയത്. റിയ സുശാന്തിന്റെ മൃതദേഹം സ്പര്‍ശിച്ച് ‘ക്ഷമിക്കണം, ബാബു’ എന്ന് പറഞ്ഞതായി കര്‍ണി സേന അനുയായി സുര്‍ജിത് സിങ് വെളിപ്പെടുത്തിയിരുന്നു. ഇതും സിബിഐ അന്വേഷിക്കുന്നുണ്ട്. ജൂണ്‍ 14 നാണ് സുശാന്തിനെ (34) മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

pathram:
Related Post
Leave a Comment