ധോണി എന്റെ ഭര്‍ത്താവിനെ പോലെയെന്ന് സാനിയ മിര്‍സ

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭർത്താവ് ശുഐബ് മാലിക്കിനെ ഓർമിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുമ്പോഴാണ് സാനിയ മിർസ ഇക്കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ധോണിക്കു പിന്നാലെ സഹതാരം സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഐപിഎൽ 13–ാം സീസണിനായി യുഎഇയിലുള്ള ചെന്നൈ സൂപ്പർ കിങ്സ് ടീമിനൊപ്പമാണ് ഇരുവരും.

മനസ്സു വച്ചിരുന്നെങ്കിൽ അനായാസം വിരമിക്കൽ മത്സരം ലഭിക്കുമായിരുന്ന താരമാണ് ധോണിയാണ് സാനിയ ചൂണ്ടിക്കാട്ടി. എന്നിട്ടും അതിനു ശ്രമിക്കാതെ നിശബ്ദനായി വിടവാങ്ങിയതാണ് ധോണിയെ ധോണിയാക്കുന്നത്. കളത്തിൽ ധോണി സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ച് വാചാലയായ സാനിയ, അദ്ദേഹത്തിന്റെ കളത്തിലെ പ്രകടനങ്ങളാണ് ബൃഹത്തായ വിരമിക്കൽ ചടങ്ങിനേക്കാൾ വലുതെന്നും ചൂണ്ടിക്കാട്ടി.

‘വിരമിക്കൽ വലിയൊരു ആഘോഷമാക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിൽ അതിന് ധോണിക്ക് കഴിയുമായിരുന്നു. നമ്മൾ അദ്ദേഹത്തിന് അർഹിച്ച യാത്രയയപ്പ് നൽകണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. ‘ഞാൻ അധികം ബഹളങ്ങൾക്കൊന്നും നിൽക്കാതെ കളമൊഴിയുന്നു’ എന്ന് പറയാൻ മാത്രം വലുപ്പമുള്ള വ്യക്തിയാണ് അദ്ദേഹം. ധോണിയെ ധോണിയാക്കുന്നതും ഇതേ ശൈലി തന്നെയാണ്. കരിയറിൽ സ്വന്തം പേരിൽ മാത്രമല്ല, രാജ്യത്തിനായും അത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് ധോണി.

ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, മഹേന്ദ്രസിങ് ധോണി എന്നിവരുടെ പേരാണ് സാനിയ പറഞ്ഞത്. ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭർത്താവായ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ ഓർമിപ്പിക്കുന്നതാണെന്നും സാനിയ പറഞ്ഞു.

‘വ്യക്തിത്വത്തിന്റെ കാര്യത്തിൽ എന്റെ ഭർത്താവ് ശുഐബ് മാലിക്കിനെ ഓർമിപ്പിക്കുന്ന വ്യക്തിയാണ് ധോണി. ഇരുവരുടെയും സ്വഭാവരീതികൾ അത്രയേറെ സമാനമാണ്. ഇരുവരും സ്വതവേ നിശബ്ദരാണ്. അതേസമയം തന്നെ രസികരും. കളത്തിൽ ഇരുവരും വളരെ ശാന്തരാണ്. ധോണിയും മാലിക്കും തമ്മിൽ വളരെ സാമ്യമുണ്ട്’ – സാനിയ വിശദീകരിച്ചു.

pathram:
Related Post
Leave a Comment