അക്കൗണ്ടിലെ കോടികള്‍ കൈക്കൂലി തുകയെന്ന് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍; ഉന്നതര്‍ കുടുങ്ങും

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി സൂചനയുള്ള 4 സ്ഥാപനങ്ങളുടെ പ്രവർത്തനം എൻഫോഴ്സമെന്റ് വിഭാഗം (ഇഡി) പരിശോധിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ കരാർ സ്ഥാപനങ്ങളായ യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ്, യൂണിടാക്, സേൻ വെഞ്ചേഴ്സ് എന്നിവരുടെ പ്രതിനിധികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

തന്റെ ലോക്കറിലും ബാങ്ക് അക്കൗണ്ടുകളിലും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയ വൻതുകയും വിദേശ കറൻസിയും ഈ 4 കമ്പനികൾ പലപ്പോഴായി നൽകിയ കമ്മിഷൻ തുകയാണെന്നാണ് സ്വപ്നയുടെ മൊഴി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടിൽ യൂണിടാക് നൽകിയ 4.25 കോടി രൂപ കമ്മിഷനല്ല, കോഴയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതു സംബന്ധിച്ചു ലഭിച്ച പല മൊഴികളും വസ്തുതാ വിരുദ്ധമാണെന്നു കണ്ടെത്തിയതോടെയാണു മറ്റു സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളി‍ൽ നിന്നുള്ളവരുടെ യുഎഇ വീസ സ്റ്റാംപിങ്, പൊലീസ് ക്ലിയറൻസ്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ എന്നിവയുടെ കരാർ ലഭിച്ച സ്ഥാപനങ്ങളാണു യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ് എന്നിവ. കേരളത്തിലെ 2 മുൻനിര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഈ കരാറിനു ശ്രമിച്ചിരുന്നു. ഇവരെ ഒഴിവാക്കിയാണു യുഎഎഫ്എക്സിനും ഫോർത്ത് ഫോഴ്സിനും കരാർ ലഭിച്ചത്. യൂണിടാകിനും സേൻ വെഞ്ചേഴ്സിനും ലഭിച്ചതു ലൈഫ് മിഷന്റേത് അടക്കമുള്ള നിർമാണകരാറുകളാണ്.

pathram:
Related Post
Leave a Comment