സ്വപ്‌ന പറഞ്ഞപ്പോലെ 4.25 കോടി രൂപ കമ്മിഷനല്ല

കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി സൂചനയുള്ള 4 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്‍ഫോഴ്‌സമെന്റ് വിഭാഗം (ഇഡി) പരിശോധിക്കുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ കരാര്‍ സ്ഥാപനങ്ങളായ യുഎഎഫ്എക്‌സ് സൊലൂഷന്‍സ്, ഫോര്‍ത്ത് ഫോഴ്‌സ്, യൂണിടാക്, സേന്‍ വെഞ്ചേഴ്‌സ് എന്നിവരുടെ പ്രതിനിധികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

തന്റെ ലോക്കറിലും ബാങ്ക് അക്കൗണ്ടുകളിലും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയ വന്‍തുകയും വിദേശ കറന്‍സിയും ഈ 4 കമ്പനികള്‍ പലപ്പോഴായി നല്‍കിയ കമ്മിഷന്‍ തുകയാണെന്നാണ് സ്വപ്നയുടെ മൊഴി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടാക് നല്‍കിയ 4.25 കോടി രൂപ കമ്മിഷനല്ല, കോഴയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ചു ലഭിച്ച പല മൊഴികളും വസ്തുതാ വിരുദ്ധമാണെന്നു കണ്ടെത്തിയതോടെയാണു മറ്റു സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ യുഎഇ വീസ സ്റ്റാംപിങ്, പൊലീസ് ക്ലിയറന്‍സ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എന്നിവയുടെ കരാര്‍ ലഭിച്ച സ്ഥാപനങ്ങളാണു യുഎഎഫ്എക്‌സ് സൊലൂഷന്‍സ്, ഫോര്‍ത്ത് ഫോഴ്‌സ് എന്നിവ. കേരളത്തിലെ 2 മുന്‍നിര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഈ കരാറിനു ശ്രമിച്ചിരുന്നു. ഇവരെ ഒഴിവാക്കിയാണു യുഎഎഫ്എക്‌സിനും ഫോര്‍ത്ത് ഫോഴ്‌സിനും കരാര്‍ ലഭിച്ചത്. യൂണിടാകിനും സേന്‍ വെഞ്ചേഴ്‌സിനും ലഭിച്ചതു ലൈഫ് മിഷന്റേത് അടക്കമുള്ള നിര്‍മാണകരാറുകളാണ്.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന, സന്ദീപ് നായര്‍ എന്നിവരുടെ പാര്‍ട്‌നര്‍ഷിപ് കമ്പനിയായ ഐസോമോങ്കിന്റെ അക്കൗണ്ട് വഴി കൈമാറിയ 75 ലക്ഷം രൂപയാണു ലൈഫ് ഇടപാടിലെ കമ്മിഷന്‍. ബാക്കി തുക മറ്റാര്‍ക്കോ വേണ്ടിയുള്ള കോഴയാണെന്നാണ് അന്വേഷകരുടെ നിഗമനം.

pathram:
Leave a Comment