കോവിഡ്: പ്രതിദിന പരിശോധനാ ശേഷി 10 ലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് നിർണയ പരിശോധനാ ശേഷി 10 ലക്ഷം കടന്നു. ഇന്നലെ മാത്രം 10,23,836 പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 3.4 കോടി സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.

കോവിഡ് സ്ഥിരീകരണ നിരക്കിലും കാര്യമായ കുറവുണ്ടായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വേഗത്തിലുള്ള ക്വാറന്റീൻ, കാര്യക്ഷമമായ ട്രാക്കിങ്, സമയോചിതവും ഫലപ്രദവുമായ ചികിത്സ എന്നിവ കൊണ്ടുകൂടിയാണ് സ്ഥിരീകരണ നിരക്ക് താഴുന്നതെന്നു മന്ത്രാലയം അറിയിച്ചു. 1511 ലാബുകളിലാണ് രാജ്യത്തു കോവിഡ് പരിശോധനയ്ക്കു സൗകര്യമുള്ളത്. 73 എണ്ണം കേരളത്തിലാണ്. 30 എണ്ണം സർക്കാർ മേഖലയിലും 43 എണ്ണം സ്വകാര്യ മേഖലയിലും.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30.2 ലക്ഷം കവിഞ്ഞു. ഇതിൽ 22.5 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 57,000 പേർ മരിച്ചു. വെള്ളിയാഴ്ച മാത്രം 69,878 പേർക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 945 പേർ മരിച്ചു.

pathram desk 1:
Leave a Comment