അസാധാരണ മാറ്റം; കൊറോണയുടെ ശക്തി കുറയുന്നോ? പ്രതീക്ഷയെന്ന് ഗവേഷകർ

‘കൊറോണവൈറസിനുണ്ടാകുന്ന ജനിതക പരിവർത്തനത്തിന്മേലാകണം കൂടുതൽ ശ്രദ്ധ. അതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ്. ജനിതക പരിവർത്തനം വൈറസിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നു, വൈറസ് എങ്ങനെ പെരുമാറുന്നു എന്നെല്ലാം അറിയുകയാണു ലക്ഷ്യം…’ ലോകാരോഗ്യസംഘടന എപ്പിഡെമിയോളജി വിദഗ്ധ മരിയ വാൻ കേർഖോവ് കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയതാണ് ഇക്കാര്യം.

ആർഎൻഎ വൈറസായതിനാൽത്തന്നെ അതിവേഗം ജനിതക പരിവർത്തനത്തിന് (Mutation) വിധേയമാകുന്നതാണ് കൊറോണയുടെ രീതി. അടുത്തിടെ മലേഷ്യയിൽ കണ്ടെത്തിയ, ജനിതക പരിവർത്തനം സംഭവിച്ച, വൈറസിന് ചൈനയിലെ വൂഹാനിൽ കണ്ടെത്തിയതിനേക്കാൾ പത്തു മടങ്ങ് ശേഷിയുണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ വൈറസിലെ ഈ മാറ്റങ്ങളെ ഭയക്കേണ്ടതുണ്ടോ? കാര്യമായ ആശങ്ക ഇക്കാര്യത്തിൽ വേണ്ടെന്നാണു ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്.

യൂറോപ്പിലും വടക്കേ അമേരിക്കയിലും ഏഷ്യയിലെ ചില ഭാഗങ്ങളിലും ഇതിനോടകം കൊറോണയിലെ ജനിതക പരിവർത്തനം ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിവേഗം പടരാനുള്ള ശേഷിയാണ് ഇതുവഴി വൈറസ് ആർജിച്ചെ‌ടുക്കുന്നത്. എന്നാൽ പെട്ടെന്നു പടരുമെന്നല്ലാതെ മനുഷ്യജീവനു ഭീഷണിയാകുന്ന വിധം പ്രവർത്തിക്കാൻ ഇവയ്ക്കാകുന്നില്ലെന്നാണു കണ്ടെത്തൽ. ഓഗസ്റ്റ് 17നാണ് മലേഷ്യയിൽ അതിവേഗം പടരാൻ ശേഷിയുള്ള ഡി614ജി എന്ന കൊറോണ വൈറസിനെ ഗവേഷകർ കണ്ടെത്തിയത്. ഇന്ത്യയിൽനിന്നു മടങ്ങിയെത്തിയ ഒരു ഹോട്ടൽ ഉടമയിൽനിന്ന് ഒരു പ്രത്യേക മേഖലയിൽ രോഗം പടർന്നതെന്നാണു കരുതുന്നത്.

എന്നാൽ ഡി614ജി പുതിയ വൈറസായിരുന്നില്ല. നേരത്തേത്തന്നെ ചൈനയിലും ഇന്ത്യയിലും ഉൾപ്പെടെ വ്യാപകമായി ഇതിന്റെ സാന്നിധ്യം തിരിച്ചറി‍ഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാൽ ലോകത്തിലെ 97% വൈറസ് സാംപിളുകളിലും ഇവയുണ്ടായിരുന്നു. എന്നാൽ ഇവയുടെ വരവോടെയാണ് ലോകത്തു പലയിടത്തും മരണനിരക്കിൽ വൻ കുറവുണ്ടായതെന്ന് സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റി ആശുപത്രി സീനിയർ കൺസൽട്ടന്റ് പോൾ ടാംബ്യാ പറയുന്നു. പെട്ടെന്നു പടരുമെങ്കിലും വൈറസ് മരണത്തിനു കാരണമാകില്ല എന്നതു നല്ല കാര്യമാണെന്നും പകർച്ചവ്യാധികളെപ്പറ്റി പഠിക്കുന്ന രാജ്യാന്തര കൂട്ടായ്മയുടെ അധ്യക്ഷൻ കൂടിയായ അദ്ദേഹം പറയുന്നു.

ജനിതക പരിവർത്തനം സംഭവിക്കുന്ന മിക്ക വൈറസുകളിലും ആക്രമണശേഷി കുറവാണെന്നതാണു പൊതുവെ കാണപ്പെടുന്നത്. സുരക്ഷിതമായിരിക്കാൻ ഒരിടം വേണമെന്നതിനായിരിക്കും ആ സമയത്ത് വൈറസിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. അതിനാൽത്തന്നെ മരണത്തിലേക്കു നയിക്കാവുന്ന സങ്കീര്‍ണ ആരോഗ്യ പ്രശ്നങ്ങൾ അവ രോഗികളിലുണ്ടാക്കില്ലെന്നും പോൾ പറയുന്നു. ഫെബ്രുവരി മുതൽ കൊറോണവൈറസിലെ ജനിതക മാറ്റം ഡബ്ല്യുഎച്ച്ഒ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഗുരുതരമായ അവസ്ഥയിലേക്ക് ഇതൊരിക്കലും നയിക്കുന്നില്ലെന്ന് സംഘടനയും സമ്മതിക്കുന്നു.

ജനുവരി മുതൽ മാർച്ച് വരെ സിംഗപ്പൂരിൽ പടർന്ന വൈറസിനെ പഠനവിധേയരാക്കിയ ഗവേഷകരും സമാന നിഗമനത്തിലെത്തിയിരുന്നു. രക്തത്തിൽ ഓക്സിജൻ കുറയുകയെന്ന കോവിഡിന്റെ ഏറ്റവും ഗുരുതര ലക്ഷണങ്ങളിലൊന്നിന് ഈ വൈറസ് കാരണമാകുന്നില്ലെന്നും കണ്ടെത്തി. മാത്രവുമല്ല, അതിശക്തമായ രീതിയിൽ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കാൻ ശരീരത്തിനു ശേഷിയുണ്ടാക്കാനും വൈറസിന് കഴിയുമായിരുന്നു.

നിലവിൽ അന്തിമ ഘട്ടത്തിലേക്കു കടന്നിരിക്കുന്ന പല വാക്സീനുകള്‍ക്കും ഡി614ജി വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. ഏതുതരം വൈറസ് വന്നാലും പ്രതിരോധത്തിന് ശരീരത്തെ സജ്ജമാക്കുന്ന ആന്റിബോഡി ഉൽപാദിപ്പിക്കുന്ന സംവിധാനത്തിനു കാര്യമായ മാറ്റമുണ്ടാകാറില്ല. അതിനാൽത്തന്നെ നിലവിൽ തയാറാക്കുന്ന വാക്സീനുകളുടെ ശേഷി കുറയ്ക്കാനുള്ള ‘കഴിവൊന്നും’ തൽക്കാലത്തേക്ക് ഡി614ജി വൈറസിനില്ലെന്നും പോളിന്റെ വാക്കുകൾ. അപ്പോഴും സാമൂഹിക അകലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും ഡബ്ല്യുഎച്ച്ഒയും ആരോഗ്യവിദഗ്ധരും നിർദേശിക്കുന്നു.

റഷ്യ ഉൽപാദിപ്പിച്ച സ്ഫുട്നിക് 5 വാക്സീന്റെ പ്രശ്നമായി ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് അവ വൈറസുകളെ ജനിതക പരിവർത്തനത്തിനു പ്രേരിപ്പിക്കുമെന്നാണ്. പൂർണമായും ട്രയൽ പൂർത്തിയാക്കാതെ വൻതോതിൽ ജനങ്ങളിൽ അതു പരീക്ഷിച്ചാൽ വൈറസിന് അവയെ അതിജീവിക്കാനുള്ള സമയവും ശേഷിയും ലഭിക്കുകയും കൂടുതൽ കരുത്തുറ്റ കൊറോണ വൈറസ് രൂപപ്പെടാനിടയാക്കുമെന്നുമാണ് ഒരു വാദം. ഒരു വാക്സീനും നശിപ്പിക്കാനാകാത്ത ‘സൂപ്പർ വൈറസാ’യിരിക്കും ഇതിന്റെ ഫലമെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. ബാക്ടീരിയകളിൽ ഇത്തരം ജനിതക പരിവർത്തനം സംഭവിച്ചതിനെത്തുടർന്ന്, ഒരു ആന്റിബയോട്ടിക്കിനും തടയാനാകാത്ത സൂപ്പർബഗുകൾ രൂപപ്പെട്ട യാഥാർഥ്യവും ഡബ്ല്യുഎച്ച്ഒ ഓർമിപ്പിക്കുന്നു.

കോശങ്ങളിലേക്കു പ്രവേശിക്കാനും അവിടെവച്ച് വിഭജിക്കാനുമുള്ള വൈറസിനെ ശേഷിയെ തകർക്കുകയാണ് വാക്സീന്റെ ലക്ഷ്യം. എന്നാൽ ഇതിൽ എവിടെയെങ്കിലും ഒരു പാളിച്ച സംഭവിച്ചാൽ ശരീരം ഉൽപാദിപ്പിക്കുന്ന ആന്റിബോഡിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് വൈറസ് നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കും. അതാണു പതിയെ അതിനെ ജനിതക പരിവർത്തനത്തിലേക്കു നയിക്കുന്നത്. റഷ്യയുടെ വാക്സീന്‍ സമ്പൂർണമായി വൈറസിനെ തകർക്കാൻ ശേഷിയുള്ളതാണെങ്കിൽ പേടിക്കേണ്ടതില്ല. എന്നാൽ എവിടെയെങ്കിലും ഒരു പഴുത് അവശേഷിച്ച്, അവ വാക്സീൻ പ്രതിരോധവും തകർത്ത് അകത്തുകയറി വിഭജിക്കപ്പെട്ടാൽ ആന്റിബോഡികളെ ‘ആക്രമിക്കാനുള്ള’ പ്രേരണയും അവയിലുണ്ടാകും.

വാക്സീൻ പ്രയോഗത്തിലൂടെ ശരീരത്തിലുണ്ടായ ആന്റിബോഡികളെ ആക്രമിക്കാനായാൽ പിന്നീടെന്തു സംഭവിക്കുമെന്നത് ശാസ്ത്രത്തിനും കാത്തിരുന്നു കാണുകയേ വഴിയുള്ളൂ. അപ്പോഴും വാക്സീൻ പ്രയോഗത്തിലൂടെ വൈറസിന് ജനിതക പരിവർത്തനം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് റഷ്യയ്ക്ക് ആശ്വാസം പകരുന്ന ഒരേയൊരു കാര്യം.

pathram desk 1:
Leave a Comment