സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി റിയ ചക്രവര്‍ത്തിയുടെയും വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്ന പേരില്‍ സ്ക്രീന്‍ഷോട്ട് സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ജൂണ്‍ 8ന് സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
‘ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്..സര്..ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും” എന്ന് കുറിച്ചാണ് സന്ദേശം ആരംഭിക്കുന്നത്. മഹേഷ് ഭട്ട് നിര്‍മിച്ച ‘ജലേബി’ എന്ന സിനിമയില്‍ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ. ”നമ്മുടെ അവസാനത്തെ കോള്‍ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങള്‍ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങള്‍ എനിക്കൊപ്പമുണ്ട്” എന്നാണ് റിയ അയച്ച സന്ദേശങ്ങള്‍.
‘തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോള്‍ സന്തോഷവാനായിരിക്കും” എന്നാണ് മഹേഷ് ഭട്ടിന്റെ മറുപടി. ‘താങ്കള്‍ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതല്‍ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കള്‍,’ എന്ന് റിയ മറുപടിയും നല്‍കിയിട്ടുണ്ട്.
‘താങ്കള്‍ വീണ്ടും എന്റെ ചിറകുകള് സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു…’ എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നീ എന്റെ കുഞ്ഞല്ലേ, ഞാന്‍ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നല്‍കിയിട്ടുണ്ട്.
മഹേഷ് ഭട്ടും റിയയും തമ്മിലുളള ബന്ധത്തെപ്പറ്റി വലിയ ആരോപണങ്ങള്‍ ഉയരുമ്പോഴാണ് ഈ സ്ക്രീന്‍ഷോട്ട് സന്ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ ആവശ്യപ്രകാരമാണ് റിയ, സുശാന്തിനെ ഉപേക്ഷിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതാ കൂടാതെ ഒരു അഭിമുഖത്തിലും സുശാന്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് മോശമായായിരുന്നു മഹേഷ് പ്രതികരിച്ചത്.
Leave a Comment