ആരാധകരെയും അധികൃതരെയും അമ്പരപ്പിച്ച് ഇന്ത്യൻ ടീമിന്റെ പടിയിറങ്ങിയ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിക്കു വിടവാങ്ങൽ മത്സരമൊരുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയാർ. 2019 ഏകദിന ലോകകപ്പിൽ ന്യൂസീലൻഡിനോട് തോറ്റ സെമി മത്സരം കരിയറിലെ അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച ധോണിക്ക്, അർഹിക്കുന്ന യാത്രയയപ്പ് നൽകാൻ ബിസിസിഐ സന്നദ്ധമാണെന്നാണ് വെളിപ്പെടുത്തൽ. ആകെ അറിയേണ്ടത് ഈ വാഗ്ദാനം സ്വീകരിക്കാൻ ധോണി തയാറാകുമോ എന്ന് മാത്രം.
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ധോണിയെ കളിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്തുവന്നിരുന്നു. ധോണിക്കായി വിരമിക്കൽ മത്സരം ഒരുക്കണമെന്ന അഭിപ്രായവുമായി മുൻ താരം മദൻലാൽ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ തുടങ്ങിയവരും രംഗത്തെത്തി. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റന് ഇങ്ങനെയൊരു യാത്രയയപ്പ് പോരെന്ന് ആരാധകർക്കിടയിലും വ്യാപകമായി അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് ധോണിക്കായി വിരമിക്കൽ മത്സരമൊരുക്കാൻ ബിസിസിഐ സന്നദ്ധത അറിയിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ പതിപ്പിനായി ഒരുങ്ങുന്ന ധോണിയോട് ഇതേക്കുറിച്ച് സംസാരിക്കുമെന്ന് ഒരു ബിസിസിഐ പ്രതിനിധി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് വ്യക്തമാക്കി.
‘നിലവിൽ ഇന്ത്യൻ ടീമിനു മുന്നിൽ രാജ്യാന്തര പര്യടനങ്ങളൊന്നുമില്ല. ഐപിഎല്ലിനു ശേഷം ഇക്കാാര്യത്തിൽ (ധോണിക്ക് വിരമിക്കൽ മത്സരം ഒരുക്കുന്ന കാര്യത്തിൽ) എന്തു ചെയ്യാനാകുമെന്ന് നമുക്കു നോക്കാം. കാരണം, ഇന്ത്യയ്ക്കായി ഒട്ടേറെ മഹത്തായ നേട്ടങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റനും താരവുമാണ് ധോണി. അദ്ദേഹം എല്ലാവിധത്തിലും ബഹുമാനം അർഹിക്കുന്നു. ധോണിക്കായി വിരമിക്കൽ മത്സരം ഒരുക്കാൻ ബിസിസിഐ എന്നും സന്നദ്ധമാണ്. പക്ഷേ, ധോണി തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനാണ്. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇതേക്കുറിച്ച് ഇതിനകം ധോണിയുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ബിസിസിഐ പ്രതിനിധിയുടെ മറുപടി ഇങ്ങനെ: ‘ഇല്ല. പക്ഷേ, ഐപിഎല്ലിനിടയിൽ ഇതേക്കുറിച്ച് തീർച്ചയായും ധോണിയോട് സംസാരിക്കും. വിരമിക്കൽ മത്സരമോ പരമ്പരയോ നടത്തുന്നതിനെക്കുറിച്ച് ധോണിയോട് സംസാരിക്കാൻ പറ്റിയ വേദി അതാണ്. കളിക്കാൻ ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിനായി ബൃഹത്തായ ഒരു യാത്രയയപ്പ് സംഘടിപ്പിക്കുമെന്ന് തീർച്ച. ധോണിയോട് ആദരം പ്രകടിപ്പിക്കാൻ അതേ വഴിയുള്ളൂ’ – അദ്ദേഹം പറഞ്ഞു.
ധോണിക്കായി വിരമിക്കൽ മത്സരം നടത്തണമെന്ന അഭിപ്രായത്തെ മുൻ ഇന്ത്യൻ താരവും പരിശീലകനുമായ മദൻലാലും അനുകൂലിച്ചു. ‘ധോണിക്കായി ബിസിസിഐ ഒരു മത്സരം സംഘടിപ്പിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും. അദ്ദേഹം ഇതിഹാസ തുല്യനായ കളിക്കാരനാണ്. അദ്ദേഹത്തെ ഇങ്ങനെ പറഞ്ഞയച്ചാൽ പോരാ. ആരാധകർക്കും ഒരിക്കൽക്കൂടി കളത്തിൽ കാണാൻ ആഗ്രഹമുണ്ടാകും’ – മദൻലാൽ ചൂണ്ടിക്കാട്ടി.
Leave a Comment