‘ഓണാഘോഷം വീടുകളില്‍ മാത്രം; പൂക്കളം ഒരുക്കാൻ അതാതിടത്തെ പൂവ് ഉപയോഗിക്കാം’

തിരുവനന്തപുരം : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവരുമായാണു മുഖ്യമന്ത്രി സംസാരിച്ചത്. രോഗവ്യാപനം തടയാന്‍ കഠിനശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചിലരുണ്ട്. രോഗത്തെ അതിന്‍റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കുവാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസ്സഹായരായിരിക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണു നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്‍റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണം. ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കും എന്നതിനാലാണിത്. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം.

നല്ല നിലയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കലക്ടർമാർ ഉറപ്പു വരുത്തണം. കോണ്‍ടാക്ട് ട്രേസിങ്, ക്വാറന്‍റീന്‍ എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പൊലീസ് അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പൊലീസിന്‍റെ ഇടപടലുണ്ടാകണം. കൂടുതല്‍ വൊളന്റിയര്‍മാരെ ഉപയോഗിക്കാനാകണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റര്‍ ആയി കണ്ട് നിലപാടെടുക്കണം. കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയായിരിക്കും.

രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുത്. ഇക്കാര്യം പൊലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരന്‍, എ.സി.മൊയ്തീന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

pathram desk 1:
Related Post
Leave a Comment