നിലപാട് മാറ്റി പിണറായി സര്‍ക്കാര്‍; രോഗികളുടെ ഫോണ്‍വിവരങ്ങള്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മതിയെന്ന്‌ ഹൈക്കോടതിയില്‍

കോവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. ഫോണ്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കിയാല്‍ മതിയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോവിഡ് രോഗികളുടെ സിഡിആര്‍ ശേഖരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. അതേസമയം, ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെങ്കില്‍ പ്രശ്‌നമില്ലെന്നും മറ്റ് രേഖകള്‍ വേണമെങ്കില്‍ വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു.

കോവിഡ് രോഗികളുടെ സിഡിആര്‍ പൂര്‍ണമായും ശേഖരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മുത്തുസ്വാമി കേസിലെയടക്കമുള്ള സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാണിച്ച്‌ ഇത് ഭരണഘടന വിരുദ്ധമാണെന്നു പറഞ്ഞാണ്‌ രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വിവരശേഖരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലാപാടിനെതിരേ രമേശ് ചെന്നിത്തല പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു.

കോവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ ഇത്തരത്തില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ ഭരണഘടന അവകാശങ്ങളുടെ മേലുള്ള ലംഘനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ഇത്തരത്തില്‍ ഫോണ്‍രേഖകള്‍ ശേഖരിക്കുന്നതിനുള്ള യാതൊരു അവകാശവും പോലീസിനില്ല. പ്രതികളല്ല, രോഗികള്‍ മാത്രമാണ് അവരെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

pathram:
Related Post
Leave a Comment