കോവിഡ് പിറന്നത് എട്ട് വര്‍ഷം മുന്‍പ് ചൈനയിലെ ഖനിയില്‍: യുഎസ് ശാസ്ത്രജ്ഞര്‍

കോവിഡിന് വാക്‌സീന്‍ കണ്ടെത്തുന്ന തിരക്കിലാണ് ലോകമെങ്കിലും കൊറോണ വൈറസിന്റെ ഉത്പത്തിയെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ നിലയ്ക്കുന്നില്ല. തുടക്കം മുതലേ പ്രചരിച്ച ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പിന്തുടര്‍ച്ചയെന്ന നിലയ്ക്ക് ചൈനയ്ക്ക് നേരെ സംശയമുന തിരിച്ചു വച്ചിരിക്കുകയാണ് രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.

കൊറോണ വൈറസ് 2020ലോ 2019 ലോ ഒന്നും പ്രത്യക്ഷപ്പെട്ടതല്ലെന്നും എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ വവ്വാലുകള്‍ നിറഞ്ഞ ഖനിയിലാണ് ഇവയുടെ പിറവിയെന്നും അമേരിക്കന്‍ ഗവേഷകരായ ഡോ. ജോനാഥന്‍ ലതവും ഡോ. അലിസണ്‍ വില്‍സണും പറയുന്നു. തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ മോജിയാങ് ഖനിയില്‍ 2012ല്‍ ആറു ഖനി തൊഴിലാളികള്‍ വവ്വാലുകളുടെ കാഷ്ഠം നീക്കം ചെയ്യുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു.

ഇവര്‍ പിന്നീട് വുഹാനിലെ കോവിഡ് വൈറസ് ബാധയ്ക്ക് സമാനമായ ചുമ, ഉയര്‍ന്ന പനി, ശ്വാസംമുട്ടല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇവരില്‍ മൂന്നു പേര്‍ മരണപ്പെടുകയും ചെയ്തു. ഇവരില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇവിടെ നിന്നാകാം വൈറസ് പുറംലോകത്തേക്ക് ചോര്‍ന്നതെന്ന് യുഎസ് ഗവേഷകര്‍ കരുതുന്നു. യുനാനിലെ ഖനിയിലെ സാംപിളുകളെ പറ്റി പഠനം നടത്തിയ ചൈനീസ് രോഗവിദഗ്ധ ലീ സൂവിന്റെ ഗവേഷണ പ്രബന്ധത്തെ ഉദ്ധരിച്ചാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം.

അതേ സമയം തെക്ക് കിഴക്കന്‍ ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ കൊറോണ വൈറസിന്റെ കൂടുതല്‍ രോഗവ്യാപന ശേഷിയുള്ള രണ്ട് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സിലെ ക്വെസോണ്‍ സിറ്റിയില്‍ കണ്ടെത്തിയ G-614 വകഭേദത്തിന് വുഹാനിലെ വൈറസിനെക്കാല്‍ 1.22 മടങ്ങ് വ്യാപന ശേഷിയുണ്ട്. മലേഷ്യയില്‍ കണ്ടെത്തിയ G-614g വകഭേദമാകട്ടെ വുഹാന്‍ വൈറസിനെക്കാല്‍ 10 മടങ്ങ് വ്യാപന ശേഷിയുള്ളതാണ്.

pathram desk 1:
Related Post
Leave a Comment