മനോഹരമായ ചരിത്രമുള്ള നാട്‌..!! അന്ന് വിമര്‍ശിച്ചു; ഇന്ന് മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി

കോഴിക്കോട്ടെ വിമാനാപകടത്തിൽ എല്ലാം മറന്നു രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി എംപി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവർത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് വടക്കൻ മേനക ഗാന്ധിക്ക് ഇ മെയിൽ സന്ദേശം അയച്ചിരുന്നു.

ഇതിനു മറുപടിയായാണു വിമാന ദുരന്തമുണ്ടായ സമയത്തു മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്നു മേനകാ ഗാന്ധി പ്രശംസിച്ചത്. ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികൾക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. മുൻപു പാലക്കാട്ട് ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മേനകാ ഗാന്ധി മലപ്പുറത്തെ ജനങ്ങളെ വിമർശിച്ചു രംഗത്തെത്തിയതു വലിയ വിവാദമായിരുന്നു.

ഇതിൽ പ്രതിഷേധമറിയിച്ചു മൊറയൂർ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്നു എംപി മറുപടി നൽകിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമർശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.

pathram:
Related Post
Leave a Comment