ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി സ്വപ്‌നയുടെ വെളിപ്പെടുത്തല്‍, മൂന്നു തവണ ഒരുമിച്ച് വിദേശയാത്ര നടത്തി

കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുരുക്കിലാക്കി സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് താന്‍ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

2017ല്‍ സ്വപ്ന ഒമാനിലേക്ക് ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറില്‍ യാത്ര ചെയ്തിരുന്നതും നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ 2018 ഏപ്രിലില്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം അവര്‍ക്ക് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടി വന്നു.

സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ സ്വര്‍ണം സംബന്ധിച്ച് നേരത്തെ സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. അവര്‍ക്ക് ഇത് വിവാഹ സമയത്ത് ലഭിച്ചതാണെന്നായിരുന്നു വിശദീകരണം. വിവാഹ ദിവസം സ്വര്‍ണം ധരിച്ച് നില്‍ക്കുന്ന ചിത്രവും കോടതിയില്‍ നല്‍കിയിരുന്നു. എം. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ലോക്കറില്‍ സ്വര്‍ണം വച്ചത് എന്നാണ് ഇവര്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഇവര്‍ക്ക് എം. ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി കഴിഞ്ഞ ദിവസം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ദുരൂഹ ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ എം. ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

അതേസമയം സ്വപ്ന സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകും മുമ്പ് വിദേശ കറന്‍സി രാജ്യത്തിന് പുറത്തെത്തിക്കുന്നതിന് എം. ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ വിദേശത്തേക്കു പോയ വന്ദേഭാരത് വിമാനങ്ങളില്‍ അഞ്ച് വിദേശികള്‍ക്ക് ടിക്കറ്റ് ഉറപ്പാക്കാന്‍ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം ശിവശങ്കര്‍ വിമാനക്കമ്പനിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിദേശ ലോക്ഡൗണില്‍ കുടുങ്ങിയ യുഎഇ പൗരന്‍മാരെ കയറ്റിവിടാനാണ് സഹായിച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ കയറിപ്പോയത് വിദേശികളല്ലെന്നാണ് കണ്ടെത്തയിട്ടുള്ളത്. എട്ട് ബാഗേജുകളും ഇവര്‍ കടത്തിയിട്ടുണ്ടെന്നും കാര്യമായ പരിശോധനയില്ലാതെയാണ് ഇത് കടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇഡി സ്വപ്നയോട് ചോദിച്ചിട്ടുണ്ട്. സ്വപ്നയെ ഇന്നു വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് ഇഡിക്ക് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ഇന്ന് കോടതിയില്‍ ഹാജരാക്കും

pathram:
Related Post
Leave a Comment