സ്വപ്‌നയുടെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് പത്തു കോടിയിലധികം രൂപ; പിടിച്ചെടുത്തത് ഒരു കോടി മാത്രം

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ തലസ്ഥാനത്തെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് പത്തു കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. പാര്‍പ്പിട പദ്ധതിയില്‍ റെഡ് ക്രസെന്റില്‍നിന്നു ലഭിച്ചതെന്നു പറയുന്ന ഒരു കോടി രൂപ മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ക്കു പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ശേഷിക്കുന്ന പണം ആരുടെയൊക്കെ കൈയിലേക്കു പോയി? ഇതില്‍ ശിവശങ്കറിനു പങ്കുണ്ടായിരുന്നോ? എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വിപുലമാകുകയാണ്.

ചോദ്യംചെയ്യലില്‍ സ്വപ്‌ന തന്നെയാണ് ലോക്കറില്‍ 10 കോടിയില്‍പ്പരം രൂപയുണ്ടായിരുന്നെന്ന് എന്‍.ഐ.എയ്ക്കു മൊഴി നല്‍കിയത്. പണമൊഴുകിയ വഴി ഇ.ഡി. അന്വേഷിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഹാബിറ്റാറ്റ് സ്വീകരിച്ച നിലപാടിനെക്കുറിച്ചും അന്വേഷണം നടത്തും. സ്വര്‍ണക്കടത്തില്‍ പങ്കാളിയാകുന്നതിനു മുമ്പ്, 2018 നവംബറിലാണ് സ്വപ്‌ന ബാങ്ക് ലോക്കര്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെകൂടി പേരിലായിരുന്നു ലോക്കര്‍.

ഉന്നതങ്ങളിലെ ബിനാമി ഇടപാടുകാരിയായി സ്വപ്‌ന അധികാര ഇടനാഴികളില്‍ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായിരുന്നു ലോക്കറെന്നാണു വിലയിരുത്തുന്നത്. വേണുഗോപാല്‍ അയ്യരുടെ മൊഴി അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്വപ്‌നയുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ലോക്കര്‍ തുടങ്ങാനായി ശിവശങ്കറാണ് വേണുഗോപാലിനെ സ്വപ്‌നയ്ക്കു പരിചയപ്പെടുത്തിയത്. അനധികൃത ഇടപാടുകള്‍ക്കു വേണ്ടിയായിരുന്നു ഇതെന്നു കരുതുന്നു.

താക്കോല്‍ സൂക്ഷിച്ചിരുന്നത് അയ്യരാണ്. അയ്യര്‍ക്ക് ഐടി മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ പരിശോധിക്കാന്‍ ശിവശങ്കര്‍ അനുമതി നല്‍കിയിരുന്നു. ലക്ഷക്കണക്കിനു രൂപയാണ് ഈയിനത്തില്‍ അയ്യര്‍ക്കു ലഭിച്ചിരുന്നത്. അയ്യര്‍ പലതവണ ലോക്കര്‍ തുറന്ന് പണം െകെകാര്യം ചെയ്തതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. സ്വപ്‌ന നിര്‍ദേശിച്ചവരുടെ പക്കല്‍ അദ്ദേഹം പണം കൊടുത്തുവിടുകയായിരുന്നു. സ്വപ്‌നയുടെ ഇടപാടുകളില്‍ പങ്കില്ലെന്നാണ് അയ്യരുടെ മൊഴി.

pathram:
Related Post
Leave a Comment