നസ്‌നിയുടെ ഹണിട്രാപ്പില്‍ കുടുങ്ങുന്നത് പണക്കാരായ വ്യാപാരികള്‍; നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്മെയിൽ

കൊച്ചി: യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി പണം തട്ടിയ നാലംഗ സംഘം പോലീസ് പിടിയിൽ. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തിൽ വീട്ടിൽ അജിത് (21), തോപ്പുംപടി വീലുമ്മേൽ ഭാഗത്ത് തീത്തപ്പറമ്പിൽ വീട്ടിൽ നിഷാദ് (21), ഫോർട്ട്കൊച്ചി സ്വദേശിനി നസ്നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേൽ വീട്ടിൽ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയിൽ ഇവരെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്നി ഫോൺ വിളിച്ച് വശീകരിക്കും. പിന്നീട് നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

വ്യാപാരിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതിയോടൊപ്പമെത്തിയവർ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മർദിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. വ്യാപാരിയുടെ കൈവശം പണമില്ലാത്തതിനാൽ എ.ടി.എം. കാർഡ് വാങ്ങി പല ദിവസങ്ങളിലായി ഒരു ലക്ഷം രൂപയോളം ഇവർ അപഹരിച്ചെന്ന് പോലീസ് പറഞ്ഞു.

ഒരു സ്ഥലത്ത് കവർച്ച നടത്തി പിരിയുന്ന സംഘം അടുത്ത കവർച്ചയ്ക്കായി ഒത്തുചേരുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. പ്രതിയായ സാജിദ് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും അജിത് എറണാകുളത്ത് പിടിച്ചുപറി കേസിലും ജാമ്യത്തിലിറങ്ങിയവരാണ്.

തൃക്കാക്കര അസി. കമ്മിഷണർ ജിജിമോന്റെ നേതൃത്വത്തിൽ തൃക്കാക്കര സി.ഐ. ആർ. ഷാബു, എസ്.ഐ.മാരായ മധു, സുരേഷ്, ജോസി, എ.എസ്.ഐ.മാരായ അനിൽകുമാർ, ഗിരീഷ് കുമാർ, ബിനു, സീനിയർ സി.പി.ഒ.മാരായ ജാബിർ, ഹരികുമാർ, ദിനിൽ, രജിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

pathram:
Related Post
Leave a Comment