ധാരാളം എരുമപ്പാല്‍ കുടിക്കുന്ന ബാറ്റ്സ്മാന്‍; ഇപ്പോള്‍ ഏക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാള്‍

റാഞ്ചിയിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ മകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി. സച്ചിന്‍ തെണ്ടുല്‍ക്കറെയും രാഹുല്‍ ദ്രാവിഡിനെയും പോലുള്ള പ്രതിഭകളുടെ സംഘത്തെ നയിച്ച് ലോകകപ്പ് വിജയങ്ങള്‍ നേടി. ക്രിക്കറ്റില്‍ മാത്രമല്ല മറ്റേത് രംഗത്തും ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനമാവണം. ഒന്നരപ്പതിറ്റാണ്ടുമുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കാലെടുത്തുവെച്ച മഹിയെ, ഒരു ക്ലാസ് ക്രിക്കറ്ററെന്നോ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള കളിക്കാരനെന്നോ ആരും വിലയിരുത്തിയിരുന്നില്ല. ധാരാളം എരുമപ്പാല്‍ കുടിക്കുന്ന, ഒരോവറില്‍ ഒരു സിക്‌സെങ്കിലും അടിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്സ്മാന്‍ എന്നായിരുന്നു അന്നത്തെ വിശേഷണം.

ഗ്രാമീണനായ ടെന്നീസ് ബോള്‍കൊണ്ട് ‘കോപ്റ്റര്‍ ഷോട്ടുകള്‍’ കളിച്ചുവളര്‍ന്ന ഈ ജാര്‍ഖണ്ഡുകാരന്‍, ഏകദിന ക്രിക്കറ്റിനുമാത്രം യോജിച്ച പ്രതിഭാസം എന്നാണ് തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. ഇന്ത്യയ്ക്കുവേണ്ടി ഓരോ മത്സരത്തിലും മികച്ച സ്‌കോര്‍ നേടുമ്പോഴും മഹിയുടെ ബാറ്റിങ്ങിനെ ക്ലാസിക് ശൈലിയോട് തുലനംചെയ്ത് വിലയിരുത്താന്‍ ക്രിക്കറ്റ് നിരൂപകര്‍ മിനക്കെട്ടിരുന്നില്ല. അതിനുമാത്രമുള്ള ഗൗരവം ആ ബാറ്റ്സ്മാനുണ്ടെന്ന് അവരാരും കരുതിയിരുന്നില്ല. തരക്കേടില്ലാത്ത ഒരു പുള്‍ ഷോട്ട്, അമ്പതു ശതമാനം കൃത്യതയോടെ കളിക്കുന്ന ഡ്രൈവും പിന്നെ സാധാരണ ടെന്നീസ് ബോളുകളില്‍ കളിക്കുന്ന ചില മസാല ഷോട്ടുകളും ഒക്കെയായിരുന്നു ആ ബാറ്റ്സ്മാന്റെ കൈമുതല്‍.

പക്ഷേ, ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങുന്നത് രാജ്യം കണ്ട ഏക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളെന്ന നിലയിലാണ്. ഒരുപക്ഷേ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഐക്കണ്‍ ധോനിയായിരിക്കും. ആരാധകര്‍ക്കിടയില്‍ ധോനി സൃഷ്ടിച്ച സ്വാധീനം അത്രയുണ്ട്.

2007-ലെ പ്രഥമ ടി20 ലോകകപ്പ് ടീമിന്റെ നായകനായി ധോനിയെ നിശ്ചയിച്ചത് സെലക്ടര്‍മാരുടെ ഗതികേടു കൊണ്ടായിരുന്നു. അതിനുപിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അധികാരകേന്ദ്രങ്ങള്‍ തമ്മിലുള്ള കിടമത്സരവും ഈഗോ ക്ലാഷും ഉണ്ടായിരുന്നു. സൗരവിനെ സ്ഥാനഭ്രഷ്ടനാക്കി. രാഹുല്‍ അധികാരകേന്ദ്രങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് നീങ്ങുന്നയാളല്ലെന്ന് വ്യക്തമായി. കുംബ്ലെയുടെ കരിയര്‍ അവസാനിക്കാറായിരുന്നു. താരതമ്യേന ജൂനിയറായ മഹി ടീമിനകത്തെയും പുറത്തെയും അധികാരകേന്ദ്രങ്ങള്‍ക്ക് ഭീഷണിയാവില്ല എന്നായിരുന്നു കണക്കുകൂട്ടല്‍. ദീര്‍ഘകാലത്തേക്കുള്ള നായകനായല്ല ധോനിയെ പരിഗണിച്ചിരുന്നത്. സെവാഗോ ഗംഭീറോ യുവരാജോ സ്ഥാനമേറ്റെടുക്കും മുമ്പുള്ള ഒരു താത്കാലിക സംവിധാനം – അത്രയേ കരുതിയുള്ളൂ. പക്ഷേ, ധോനി ആ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തേക്ക് കടന്നു. ട്വന്റി-20 ലോകകപ്പിലെ വിജയം കുട്ടിക്കളിയിലെ നേട്ടമായി വിലയിരുത്തപ്പെട്ടപ്പോള്‍ 28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഏകദിന ലോകകപ്പ് വീണ്ടെടുക്കുകയും ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍വണ്‍ പദവി സ്വന്തമാക്കുകയും ചെയ്തതോടെ മഹി ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഏറ്റവും വിലപിടിച്ച ബ്രാന്‍ഡായി മാറി.

ധോനിയുടെ ഗെയിംപ്ലാനുമായും ഭാവി പദ്ധതികളുമായും യോജിച്ചുപോവാത്ത വലിയതാരങ്ങള്‍ പോലും ടീമിന് പുറത്തായി. ഒരുകാലത്ത് ഭാവി നായകരെന്ന് വിലയിരുത്തപ്പെട്ടിരുന്നവര്‍പോലും ഫൈനല്‍ ഇലവനില്‍ ഇടം കണ്ടെത്താന്‍ വിഷമിച്ചു. അങ്ങനെ ‘ധോനിയും കുട്ടികളും’ എന്ന രീതിയിലേക്ക് ടീം മാറി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ പദവിയെ പുനര്‍നിര്‍ണയിച്ച പോരാളിയാണ് ധോനി. ഏകദിന ക്രിക്കറ്റില്‍ പതിനായിരം തികയ്ക്കുന്ന പതിനൊന്നാം ബാറ്റ്സ്മാനായി. ഈ പട്ടികയിലുള്ള മറ്റുള്ളവരെല്ലാം ബാറ്റിങ് ഓഡറിലെ മുന്‍നിരക്കരായിരുന്നു. ധോനി ആറാമനോ ഏഴാമനോ ആയാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ധോനി അഞ്ചക്കം തികച്ചത് വലിയ നേട്ടമായി കാണണം. ധോനിക്കുമുമ്പ് പതിനായിരം തികച്ച മൂന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നിവരാണെന്നും ഓര്‍ക്കണം.

ടീമിന് നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുമാത്രം പിന്നിലാണ് ധോനിയുടെ സ്ഥാനം. ധോനി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതലും ഇന്ത്യ ജയം നേടിയിട്ടുണ്ടെന്നും ഇവിടെ പരിഗണിക്കണം. 350 മത്സരങ്ങളില്‍ പത്ത് സെഞ്ചുറി ഉള്‍പ്പെടെ 10773 റണ്‍സാണ് ഏകദിനത്തില്‍ ധോനിയുടെ നേട്ടം. ഇതില്‍ ഇന്ത്യ ജയിച്ചത് 205 മാച്ചുകള്‍. ധോനിയുടെ ഏഴ് സെഞ്ചുറികളും 6486 റണ്‍സും ടീം ജയിച്ച മത്സരങ്ങളിലാണ്. ആകെ മത്സരങ്ങളില്‍ ധോനിയുടെ ബാറ്റിങ് ശരാശരി 50.57 ആണെങ്കില്‍ ജയിച്ച മത്സരങ്ങളില്‍ അത് 70.00 ആയി ഉയരുന്നു.

pathram:
Related Post
Leave a Comment