സെപ്റ്റംബറില്‍ ദിവസം 20,000 രോഗികള്‍ ഉണ്ടാകുമോ..? കേരളത്തിന് എന്താണ് സംഭവിക്കുന്നത്..?

മൂന്നു മാസം മുൻപു വരെ വൈറസിനെ നിയന്ത്രിച്ചുനിർത്തിയെന്ന് അവകാശപ്പെട്ട കേരളത്തിൽ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇതിപ്പോൾ ദിവസവും മുകളിലേക്കാണ് പോകുന്നത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിൽ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയിൽനിന്ന് തീരദേശമേഖലയിൽ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി, ഇപ്പോഴും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല.

കോവിഡ് പോരാട്ടത്തിന് നേതൃത്വം നൽകുന്നവർക്ക് പോലും അസുഖം വരുന്നു. കലക്ടർ, എംഎൽഎമാർ, മന്ത്രിമാർ, ഡോക്ടർമാർ, പൊതുപ്രവർത്തകർ എല്ലാവർക്കും രോഗം എത്തി കഴിഞ്ഞു. ഇപ്പോൾ തന്നെ കാര്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഇറ്റലി, ഫ്രാൻസ്, അമേരിക്ക, ചൈന രാജ്യങ്ങളിൽ സംഭവിച്ച പോലെ കാര്യങ്ങൾ നിയന്ത്രിക്കാനാകാതെ വരും. അങ്ങനെ വരാതിരിക്കാൻ പൊതുജനവും സർക്കാരും ഒന്നിച്ചു പ്രവർത്തിച്ചേ മതിയാകൂ. ഒരിക്കൽ ഉയർത്തിക്കൊണ്ടുവന്ന കേരളത്തിന്റെ ‘വിജയ കഥ’ എങ്ങനെ ഇല്ലാതായെന്നാണ് മിക്കവരും ചർച്ച ചെയ്യുന്നത്.

സെപ്റ്റംബർ മാസത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ ഗണ്യമായി വർധിക്കുമെന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വ്യക്തമായ മുന്നറിയിപ്പിലുണ്ട്. സെപ്റ്റംബർ മുതൽ കേസുകൾ വർധിക്കാൻ തുടങ്ങുമെന്ന വിദഗ്ധാഭിപ്രായം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ മുൻകൂറായി പ്രവചിച്ചു കഴിഞ്ഞു. പ്രതിദിനം 10,000 മുതൽ 20,000 വരെ കേസുകൾ സംസ്ഥാനത്തിന് പ്രതീക്ഷിക്കാമെന്നും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് ഇപ്പോഴത്തെ പ്രതിദിന 1500 കേസുകൾ 20000 കടക്കുമെന്ന് ചുരുക്കം.

ഏറ്റവും മോശം അവസ്ഥയെ നേരിടാൻ തയാറെടുക്കാൻ, ആരോഗ്യവകുപ്പ് ഇതിനകം ലോകാരോഗ്യ സംഘടനയുടെ കൺട്രി ഓഫിസ് ഫോർ ഇന്ത്യ (ഡബ്ല്യുസി‌ഒ) ഉൾപ്പെടെയുള്ള ഏജൻസികളുടെ സാങ്കേതിക ഉപദേശവും വൈദഗ്ധ്യവും തേടിയിട്ടുണ്ട്. ‘കോവിഡ് ബ്രിഗേഡ്’ എന്ന ബാനറിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ സമാഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരണസംഖ്യ വർധിക്കുമെന്നും നാം മനസിലാക്കണം. ഇതിനാൽ, കേസുകളുടെ എണ്ണം കൂടുന്നതിനെ ഭയക്കേണ്ടിയിരിക്കുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരാൻ പൊതുജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണ്. ആരോഗ്യ പ്രോട്ടോക്കോളുകൾ അവർ കർശനമായി പാലിക്കണമെന്ന് മാത്രമാണ് ആരോഗ്യമന്ത്രിക്ക് പറയാനുള്ളത്. സൂക്ഷിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകില്ല, ദുഃഖിക്കേണ്ടി വരില്ല.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തിയപ്പോൾ വിജയകരമായി നേരിട്ട കേരളമാണ് ഇപ്പോൾ മറ്റൊരു തലത്തിലേക്ക് പോകുന്നത്. ജനുവരിയിൽ കേരളത്തിലാണ് രാജ്യത്ത് തന്നെ ആദ്യ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തത്. മെയ് അഞ്ചിന് സംസ്ഥാനത്ത് 500 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍, മെയ് 27 ഓടെ ഇത് 1000 ആയി ഇരട്ടിയായി. ജൂലൈ 4 ന് കേരളത്തിൽ 4000 കേസുകളും ജൂലൈ 16 ഓടെ സംസ്ഥാനം 10,000 കടന്നതും ജൂലൈ അവസാനത്തോടെ 20,000 കോവിഡ് പോസിറ്റീവ് കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. നിലവിലെ അവസ്ഥയിലേക്ക് തിരിച്ചുവരുമ്പോൾ ഓഗസ്റ്റ് 15 ന് കേരളത്തിൽ 1608 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അതേസമയം, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങുന്ന ‘കോവിഡ് ബ്രിഗേഡ്’ രൂപീകരിക്കുന്നതായി മുഖ്യമന്ത്രി ജൂലൈ 23 ന് പ്രഖ്യാപിച്ചിരുന്നു. ബ്രിഗേഡിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞത് വർധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ പേരെ ആവശ്യമുണ്ട് എന്നാണ്.

എന്നിരുന്നാലും, ഓഗസ്റ്റ് 15 വരെ, മൊത്തം കേസുകളിൽ 86 ശതമാനവും കോൺടാക്റ്റുകളിലൂടെയാണ്. അതേസമയം 90 കേസുകളിൽ അണുബാധയുടെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. കഴിഞ്ഞ 12 ദിവസമായി, കോവിഡ് കേസുകൾ പ്രതിദിനം 1000 പരിധി മറികടക്കുന്നു എന്ന് ഭീതിജനകമാണ്.

സമൂഹവ്യാപനം ഉണ്ടായെന്ന് ആദ്യമായി അംഗീകരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. ‘വൈറസിന്റെ കുതിപ്പ് ഇപ്പോഴാണ് കേരളത്തില്‍ യഥാർഥത്തിൽ സംഭവിക്കുന്നത്. അതിർത്തികൾ അടച്ചപ്പോൾ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായി നിൽക്കുകയായിരുന്നു. എന്നാൽ എല്ലാം പെട്ടെന്നാണ് കൈവിട്ടു പോയത്.

പൊതുജനങ്ങളുടെ അശ്രദ്ധയും ചില രാഷ്ട്രീയ പോരുകളും കൊറോണ വ്യാപനത്തിന് കാരണമായെന്ന് പറയാം. ഗൾഫിൽനിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽനിന്നും ലക്ഷക്കണക്കിനുപേർ കേരളത്തിലേക്കു തിരിച്ചുവന്നു. ഇന്നുവരെ ഉണ്ടായിരിക്കുന്നതിൽ 7000ല്‍ അധികം രോഗികൾക്കും യാത്രാപശ്ചാത്തലമുണ്ട്. ‘എന്നാൽ ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ ജനങ്ങൾ കൂട്ടമായി കേരളത്തിലേക്കെത്തി. രോഗവുമായെത്തുന്നവരെ കയറ്റാതിരിക്കാനാവില്ല. രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താൻ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാൽ അതാണ് വലിയ വ്യത്യാസമുണ്ടാക്കിയത്.

മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ നാം ഇപ്പോഴും പ്രതിരോധത്തിൽ തന്നെയാണ്. കേരളം മികച്ച സേനവമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നുണ്ട്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം നോക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് കുറവാണെന്നത് ചെറിയ കാര്യമല്ല. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആശുപത്രികളിൽ രോഗികളുടെ തള്ളിക്കയറ്റമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊജുജനാരോഗ്യ സംവിധാനം കേരളത്തിനാനുള്ളത് വടക്കെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വരെ അംഗീകരിച്ചതാണ്.

pathram:
Related Post
Leave a Comment