ധോണി പോയത് ഒന്നും മിണ്ടാതെയല്ല, പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ്…

ക്രിക്കറ്റ് മൈതാനത്തിനു നടുവിൽ എം.എസ്.ധോണിയെ അവസാനമായി കണ്ടിട്ട് ഒരു വർഷവും 37 ദിവസവും പൂർത്തിയാകുമ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഉലച്ച് ആ വിരമിക്കൽ വാർത്ത എത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈ 9ന് ഇംഗ്ലണ്ടിൽ ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമിയിൽ വിജയ പ്രതീക്ഷയുടെ പടിവാതിൽക്കൽനിന്നു റണ്ണൗട്ടായി പുറത്തേക്കു നടന്നതാണ് ധോണി. പിന്നെ മൈതാനത്തേക്കു മടങ്ങിയില്ല. ആ നീലക്കുപ്പായത്തിൽ ഇനി മടങ്ങുകയുമില്ല!

എന്തൊരു കരിയറായിരുന്നു അത്! ‌100 കോടിക്കുമേൽ ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരം തോളേറ്റി എത്രയോ മത്സരങ്ങളിലാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. അതും അത്രമേൽ ശാന്തമായി… ജനകോടികളുടെ പ്രതീക്ഷ ചുമന്ന് അദ്ദേഹം ക്രീസിൽനിന്ന മത്സരങ്ങളുടെ എണ്ണമോ? കൂടെയുള്ളവർ പ്രതീക്ഷ കൈവിടുന്നിടത്തുനിന്ന് പുത്തൻ പ്രതീക്ഷയുടെ കൈത്തിരി തെളിച്ച് പടിപടിയായി ആളിക്കത്തിക്കുന്നതായിരുന്നു ധോണി ശൈലി. ആ കരിയറിനെ നിർവചിച്ച നിശബ്ദത പോലും വിരമിക്കൽ പ്രഖ്യാപനത്തിലും തെളിഞ്ഞുനിന്നു എന്നതാണ് യാഥാർഥ്യം. ഏറ്റവും മിതമായ വാക്കുകളിൽ ധോണി ഉള്ള കാര്യം പറഞ്ഞു.

പക്ഷേ, വിരമിക്കൽ പ്രഖ്യാപനത്തിലെ വാക്കുകളുടെ മിതത്വത്തിനിടയിലും വാചാലമായ ഒന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ടായിരുന്നു. തന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങൾ ചേർത്തുവച്ചൊരു വിഡിയോ. ദൈർഘ്യം 4 മിനിറ്റും 7 സെക്കൻഡും. പടിയിറങ്ങിപ്പോകുമ്പോൾ എം.എസ്. ധോണിയെന്ന ക്യാപ്റ്റൻ കൂൾ തന്റെ കരിയറൊന്നാകെ അടുക്കിപ്പെറുക്കി വച്ചത് ഒരു ഹിന്ദി പാട്ടിലെ ചില വരികളിലാണ്. ‘കഭി കഭി’യിൽ പ്രശസ്ത ഗായകൻ മുകേഷ് ആലപിച്ച് അമിതാഭ് ബച്ചൻ പാടി അഭിനയിച്ച വരികൾ ഇത്രമേൽ തീവ്രമാണെന്ന് ക്രിക്കറ്റ് പ്രേമികൾ ഒരുപക്ഷേ, ഇന്നലെയാകും തിരിച്ചറിഞ്ഞിട്ടുണ്ടാവുക. ഈ ഗാനത്തോടുള്ള പ്രിയം ധോണി മുൻപ് തന്നെ പരസ്യമാക്കിയിട്ടുള്ളതാണ്. ഒരു വേദിയിൽ ഈ ഗാനത്തിന്റെ ഏതാനും വരികൾ ആലപിച്ചിട്ടുമുണ്ട്.

സന്തോഷവും ആഹ്ലാദവും മാത്രമായിരുന്നില്ല, കഠിന പാതകളും ജീവിതത്തിലുണ്ടായെന്ന് വിരമിക്കലിലും താരം ഓർക്കുന്നു. ലോകകപ്പിലെ തോൽവിക്ക് ശേഷമുണ്ടായ വലിയ പ്രതിഷേധം തീ ആളുന്നൊരു പോസ്റ്ററിലൂടെ ധോണി വീണ്ടുമോർക്കുന്നു. നാളെ പുതിയ പൂക്കൾ ചിരിക്കുമെന്നും, പുതിയ പുൽനാമ്പുകൾ വിടരുമെന്നും പ്രതീക്ഷ ബാക്കിവച്ച് ആ യുഗം അവസാനിക്കുകയാണ്.

pathram:
Related Post
Leave a Comment