സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; ഇന്നത്തെ മൂന്നാമത്തെ മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ചികിത്സയിലായിരുന്ന വടകര സ്വദേശി മോഹനന്‍ (68) ആണ് മരിച്ചത്.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മോഹനന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. കൊവിഡിന് പുറമേ വൃക്കരോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇത് ആരോഗ്യസ്ഥതി വഷളാകാന്‍ കാരണമായി.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് മോഹനന്റേത്. തിരുവനന്തപുരം പത്തനംതിട്ട എന്നിവിടങ്ങളില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുല്ലമ്പാറ സ്വദേശി അബ്ദുള്‍ ബഷീറാണ് തിരുവനന്തപുരത്ത് മരിച്ചത്. മത്സ്യ വ്യാപാരിയായിരുന്ന ഇദ്ദേഹം പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ബീവിയുടെ ഭര്‍ത്താവ് കൂടിയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യുവാണ് മരിച്ചത്. 60 വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാത്യു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡയാലിസിസ് ചെയ്തിരുന്നു.

pathram:
Related Post
Leave a Comment