ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് ട്രംപ് ; ആപ്പിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വാഷിങ്ടന്‍ : യുഎസിലെ ജനപ്രിയ ആപ്പായ ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടിക് ടോക്കിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ട്രംപ് 90 ദിവസത്തെ സമയം നല്‍കി. യുഎസിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നതിനെതിരെ ബൈറ്റ്ഡാന്‍സ് നടപടിയെടുക്കുമെന്നു തനിക്കു വിശ്വാസമുണ്ടെന്നും എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് പറഞ്ഞു

ദേശസുരക്ഷയ്ക്കും വിദേശനയത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെയും വീചാറ്റിന്റെയും ഉടമകളായ ബൈറ്റ്ഡാന്‍സുമായുള്ള എല്ലാതരം ഇടപാടുകളും നിര്‍ത്താന്‍ കഴിഞ്ഞയാഴ്ച ട്രംപ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, യുഎസിലെ 100 ദശലക്ഷത്തോളം ടിക്ടോക് ഉപയോക്താക്കള്‍ക്ക് ഈ ഉത്തരവുകളുടെ അര്‍ഥം വ്യക്തമല്ലെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറു വിഡിയോകള്‍ പങ്കുവയ്ക്കുന്ന ആപ്പായ ടിക്ടോക് കൗമാരക്കാരും ചെറുപ്പക്കാരുമായ ഉപയോക്താക്കളാണു കൂടുതലും ഉപയോഗിക്കുന്നത്.

യുഎസിലെ ടിക് ടോക് ഉപയോക്താക്കളില്‍നിന്നു ലഭിച്ചതോ നേടിയെടുത്തതോ ആയ ഏതെങ്കിലും ഡേറ്റ കൈവശമുണ്ടെങ്കില്‍ ഒഴിവാക്കാനും ബൈറ്റ്ഡാന്‍സിനോട് ആവശ്യപ്പെട്ടു. ടിക് ടോക് വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. എല്ലാ സൈബര്‍ ഭീഷണികളില്‍നിന്നും അമേരിക്കന്‍ ജനതയെ സംരക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നു വൈറ്റ് ഹൗസ് സെക്രട്ടറി കെയ്ലെ മക്‌നാനി വിശദീകരിച്ചു. ഈ ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ശേഖരിക്കുന്നുവെന്നും ചൈനീസ് സര്‍ക്കാരിന് അത്തരം ഡേറ്റ ഉപയോഗിക്കാന്‍ കഴിയുമെന്നും മക്‌നാനി പറഞ്ഞു.

follow us pathramonline

pathram:
Leave a Comment