പാലക്കാട് : 2 ദിവസം; ജില്ലയിൽ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 287 പേർക്ക്. ഈ സ്ഥിതിയിൽ സമ്പർക്ക രോഗബാധ വർധിച്ചാൽ ജില്ല പൂർണമായും അടച്ചിട്ടുള്ള ലോക്ഡൗൺ വേണ്ടിവരുമെന്നു മന്ത്രി എ.കെ. ബാലൻ. ജാഗ്രതക്കുറവാണു സമ്പർക്ക രോഗ വ്യാപനത്തിനു പ്രധാന കാരണം. പട്ടാമ്പിയിൽ രൂപപ്പെട്ട ക്ലസ്റ്റർ ജില്ലയിൽ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു.രോഗവ്യാപനം രൂക്ഷമാകുമെന്ന് ഒട്ടേറെത്തവണ മുന്നറിയിപ്പു നൽകിയെങ്കിലും അതിനെതിരെപ്പോലും സമരം പ്രഖ്യാപിച്ചവരുണ്ട്. പട്ടാമ്പിയിൽ ഒരാളിൽ നിന്നു തുടങ്ങിയതാണ് ഉറവിടം അറിയാത്ത സമ്പർക്ക രോഗം.
അതു പടർന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലും സ്ഥിതി രൂക്ഷമാണ്. അതിഥി തൊഴിലാളികളെ എത്തിക്കുന്ന മാനേജ്മെന്റുകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണം.പാലക്കാട് ഐഐടിയുടെ കഞ്ചിക്കോട് ക്യാംപസിൽ നിർമാണ പ്രവൃത്തിക്ക് എത്തിച്ച തൊഴിലാളികളിൽ 6 പേർക്കു കോവിഡ് പോസിറ്റീവ് ആയി. ഇതിൽ 5 പേർ കടന്നുകളഞ്ഞു. ഇവരെ പിന്നീടു കണ്ടെത്തി.
ജില്ലയിൽ പട്ടാമ്പിക്കു പുറമേ 2 കോവിഡ് ക്ലസ്റ്ററുകൾ കൂടി. പുതുനഗരത്തും കല്ലടിക്കോട്–കോങ്ങാട് മേഖലയിലുമാണ് പുതിയ ക്ലസ്റ്ററുകൾ. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ക്ലസ്റ്റർ അടിസ്ഥാനത്തിലാണു പ്രവർത്തനങ്ങളെല്ലാം. കഞ്ചിക്കോട് വ്യവസായ മേഖല കേന്ദ്രീകരിച്ചും പുതിയ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയോടു ചേർന്നുള്ള പ്രദേശത്തെ വ്യാപനവും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. മാർച്ച് 24 മുതൽ ഇന്നലെ വരെ ജില്ലയിൽ 3,046 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയ്ക്കു പുറത്തു കോവിഡ് സ്ഥിരീകരിച്ച പാലക്കാട്ടുകാരുടെ എണ്ണം ഇതിനു പുറമേയാണ്. ജില്ലയിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണവും 1000 കടന്നു. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 948 ആയി. ഇതുവരെ 2,085 പേർ രോഗമുക്തി നേടി. 515 സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെ 97,567 പേരാണു നിരീക്ഷണ കാലാവധി പൂർത്തിയാക്കിയത്. നിലവിൽ 11,432 പേർ വീട്ടു നിരീക്ഷണത്തിലുണ്ട്. 35,732 സാംപിളുകൾ പരിശോധിച്ചതിലാണ് 3046 പേർ കോവിഡ് പോസിറ്റീവ് ആയത്.
Leave a Comment