ഡോക്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുന്നു; സ്രവ സാംപിള്‍ ശേഖരിക്കാന്‍ കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍

കൊച്ചി: കോവിഡ് സ്രവ സാംപിള്‍ ശേഖരണം ഇനി മുതല്‍ നഴ്‌സുമാര്‍ നിര്‍വഹിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോക്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണെന്നും നഴ്‌സുമാരുടെ മേല്‍ അധികഭാരം ചുമത്തുകയാണെന്നും കെ.ജി.എന്‍.എ ആരോപിക്കുന്നു.

നഴ്‌സുമാരോ ലാബ് ടെക്‌നീഷ്യന്‍മാരോ ആണ് സ്രവ സാംപിള്‍ ശേഖരിക്കേണ്ടതെന്നും ഇവര്‍ക്കാവശ്യമായ പരിശീലനം ഡോക്ടര്‍/ ലാബ് ഇന്‍ ചാര്‍ജ് നല്‍കണമെന്നുമുള്ള ഉത്തരവ് ബുധനാഴ്ചയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ചത്. എന്നാല്‍ പല ജില്ലകളിലും ഇതിനുള്ള നീക്കം നേരത്തേ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിലുള്ള പ്രതിഷേധം കെ.ജി.എന്‍.എ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചതാണെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി ടി. സുബ്രഹ്മണ്യന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

‘ഡോക്ടറും നഴ്‌സും ലാബ് ടെക്‌നീഷ്യനും ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീമാണ് സ്രവ സാംപിള്‍ ശേഖരിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരുള്ള സാഹചര്യത്തിലും അവര്‍ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞ് നഴ്‌സുമാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പിക്കുകയാണ്,’ സുബ്രഹ്മണ്യന്‍ പറയുന്നു.

‘കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍. ഡോക്ടര്‍മാര്‍ കുറയുന്നതോ രോഗികള്‍ വര്‍ധിക്കുന്നതോ ആയ സാഹചര്യമുണ്ടായാല്‍ സാംപിള്‍ എടുക്കുന്നത് ഉള്‍പ്പെടെ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കുറേ പേര്‍ മാറിനില്‍ക്കുകയും അവരുടെ ജോലിയും ഉത്തരവാദിത്തവും മറ്റൊരു വിഭാഗത്തില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല’ – കെ.ജി.എന്‍.എ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

മുന്‍ നിലപാടില്‍ നിന്നും സംഘടന പിന്നോട്ട് പോകില്ലെന്നും തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമെന്നും കെ.ജി.എന്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

pathram:
Related Post
Leave a Comment