റഷ്യന്‍ വാക്‌സിന്‍ തട്ടിപ്പെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; വെറും 42 ദിവസത്തെ ഗവേഷണം, പരീക്ഷിച്ചത് 38 പേരില്‍ മാത്രം; പാര്‍ശ്വഫലങ്ങളുണ്ട്‌

കോവിഡിനെതിരായ ആദ്യ പ്രതിരോധമരുന്ന് എന്ന പേരില്‍ റഷ്യ പുറത്തിറക്കുന്ന ”സ്പുട്‌നിക്-5” കേവലം 38 പേരില്‍ മാത്രമാണു പരീക്ഷിച്ചതെന്നും ഈ വാക്‌സിനു പനി, വേദന, നീര്‍ക്കെട്ട് തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങള്‍. വെറും 42 ദിവസത്തെ ഗവേഷണത്തിനുശേഷമാണു വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതെന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ”ഫൊണ്ടാക”യുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണു വിമര്‍ശനം.

വളരെക്കുറച്ച് ആളുകളില്‍ മാത്രം പരീക്ഷണം നടത്തിയതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കൃത്യമായി തിരിച്ചറിയാനാകില്ലെന്നു വാക്‌സിന്‍ വികസിപ്പിച്ച ഗമാലേയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്തന്നെ വ്യക്തമാക്കി. പരീക്ഷണത്തില്‍ പങ്കെടുത്ത ആരോഗ്യവാന്‍മാരായ 38 പേരില്‍ 144 തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ തിരിച്ചറിഞ്ഞു. പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ ഏറെപ്പേരും കുഴപ്പങ്ങള്‍ കൂടാതെ അതിജീവിച്ചു. എന്നാല്‍, 42 ദിവസത്തെ പരീക്ഷണത്തിനിടെ തിരിച്ചറിഞ്ഞ പാര്‍ശ്വഫലങ്ങളില്‍ 31 എണ്ണം ഇപ്പോഴും നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്.

അതില്‍ 27 പാര്‍ശ്വഫലങ്ങളുടെ ഭവിഷ്യത്തിനെക്കുറിച്ച് വാക്‌സിന്‍ ഉത്പാദകര്‍ക്കുതന്നെ നിശ്ചയമില്ല. മറ്റു മരുന്നുകളുമായി സ്പുട്‌നിക്- 5ന്റെ പ്രതിപ്രവര്‍ത്തനവും വ്യക്തമല്ല. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്കു പനി, നീര്‍ക്കെട്ട്, വേദന, കുത്തിവയ്‌പ്പെടുത്ത ഭാഗത്തു ചൊറിച്ചില്‍ എന്നീ പാര്‍ശ്വഫലങ്ങളാണുണ്ടായത്. ക്ഷീണം, അസ്വാസ്ഥ്യം, പനി, വിശപ്പില്ലായ്മ, തലവേദന, അതിസാരം, മൂക്കടപ്പ്, ജലദോഷം, തൊണ്ടയില്‍ ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ എല്ലാവരിലും പ്രകടമായി.

മതിയായ പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കിയശേഷമാണു വാക്‌സിന്‍ പുറത്തിറക്കുന്നതെന്നായിരുന്നു പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിലപാട്. മനുഷ്യശരീരത്തില്‍ ആവശ്യത്തിന് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാനുള്ള വാക്‌സിന്റെ ശേഷി സംശയാസ്പദമാണെന്നും പാശ്ചാത്യ ഗവേഷകര്‍ പറയുന്നു. 42 ദിവസത്തിനുശേഷമുള്ള പരിശോധനയില്‍ പരീക്ഷണവിധേയരുടെ ആന്റിബോഡി നിരക്ക് ശരാശരിയിലും താഴെയായിരുന്നു. തന്റെ മകള്‍ക്കു വാക്‌സിന്‍ കുത്തിവച്ചെന്നും ഇതേത്തുടര്‍ന്ന് ആന്റിബോഡി സാന്നിധ്യം വര്‍ധിച്ചെന്നുമായിരുന്നു പുടിന്റെ അവകാശവാദം. പ്രസിഡന്റിന്റെ വകതിരിവില്ലാത്ത നീക്കം മഹാമാരിയെ കൂടുതല്‍ അപകടകാരിയാക്കുമെന്നാണു ശാസ്ത്രജ്ഞരുടെ വിമര്‍ശനം.

18-ല്‍ താഴെയും 60-നു മുകളിലും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരില്‍ ഈ വാക്‌സിന്‍ കുത്തിവയ്ക്കാന്‍ അനുമതിയില്ല. വൃക്ക, കരള്‍രോഗങ്ങള്‍, പ്രമേഹം, അപസ്മാരം, പക്ഷാഘാതം, ഹൃദ്രോഗം, അലര്‍ജി തുടങ്ങിയ അസുഖങ്ങളുള്ളവരിലും വാക്‌സിന്‍ പ്രയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുണ്ട്.

രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുശേഷം, കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കുമെന്നു ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു. തിടുക്കത്തില്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിലൂടെ റഷ്യയ്ക്ക് ഈ മത്സരത്തില്‍ ഒന്നാമതെത്താന്‍ കഴിയില്ലെന്നും ആളുകളെ അനാവശ്യ അപകടത്തിലേക്കു തള്ളിവിടുകയാകും ഫലമെന്നും റഷ്യയിലെ ”അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ ട്രയല്‍സ് ഓര്‍ഗെനെസേഷന്‍സ്” ആരോപിച്ചു.

pathram:
Leave a Comment