ന്യൂഡല്‍ഹി: ജെ.ഇ.ഇ.(മെയിന്‍) പരീക്ഷാ മാതൃകയില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷയ്ക്ക് സെന്ററുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എല്‍. നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സത്യവാങ്മൂലം നാളെ പരിഗണിക്കും.
നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സെന്ററുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്തിക്കൂടെ എന്ന് സുപ്രീം കോടതി ജൂലൈ 29ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നത്. എന്നാല്‍ 2016 മുതല്‍ നീറ്റ് പ്രവേശന പരീക്ഷ ചോദ്യക്കടലാസ് നല്‍കിയാണ് നടത്തുന്നത്. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ എന്നത് പ്രായോഗികമല്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
ഒരേ ദിവസം, ഒരു ഷിഫ്റ്റില്‍ ഒരേസമയം ആണ് നീറ്റ് പരീക്ഷ നടത്തേണ്ടത്. പരീക്ഷയുടെ ഏകീകൃത സ്വഭാവം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെഡിക്കല്‍ കോഴ്‌സുകളിലേക്ക് നടക്കുന്ന പ്രവേശനപരീക്ഷയായ നീറ്റിനെയും മെഡിക്കല്‍ ഇതര കോഴ്‌സുകളുടെ പ്രവേശനത്തിന് ആയി നടക്കുന്ന ജെ.ഇ.ഇ. പരീക്ഷയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിശദീകരിച്ചിട്ടുണ്ട്.
കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ എത്താന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്കായി ഗള്‍ഫില്‍ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ കെ.എം.സി.സിയും ഒമ്പതു രക്ഷാകര്‍ത്താക്കളുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവില്‍ നാലായിരത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അപേക്ഷിച്ചിട്ടുള്ളത് എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഹാരീസ് ബീരാനും പല്ലവി പ്രതാപും കഴിഞ്ഞതവണ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ പകുതിയില്‍ അധികവും മലയാളികളാണ്.
Leave a Comment