എച്ച്-1ബി വിസയുള്ളവര്‍ക്ക് നിബന്ധനകളോടെ തിരികെ വരാമെന്ന് അമേരിക്ക

വാഷിങ്ടണ്‍: സാധുവായ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരം മാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നല്‍കുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി അറിയിച്ചിരിക്കുന്നത്.

മുമ്പുണ്ടായിരുന്ന അതേസ്ഥാപനത്തില്‍ അതെ തൊഴില്‍ ദാതാവിന്റെ കീഴില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലിയിലേക്ക് തിരികെ പ്രവേശിക്കാനായി മാത്രമേ മടങ്ങി വരാന്‍ സാധിക്കുവെന്ന് അധികൃതര്‍ പറയുന്നു. എച്ച്-1ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും തിരികെ വരാം. എന്നാല്‍ കോവിഡ് ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനുള്ള അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമെന്നുള്ളവരായിരിക്കണം ഇവര്‍.

പുതിയതായി എച്ച്-1ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ച് ജൂണ്‍ 22 ന് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. മാത്രമല്ല പല മേഖലകളിലും നിലവിലുള്ള എച്ച്-1ബി വിസക്കാരെ ജോലിക്ക് പ്രവേശിപ്പിക്കുന്നതിലും വിലക്ക് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഇളവുകള്‍ വന്നിരിക്കുന്നത്. ഇതിന് പുറമെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവര്‍ക്കും സാധുവായ വിസയുണ്ടെങ്കില്‍ യാത്രവിലക്കുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pathram:
Leave a Comment