പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍…

  1. റഷ്യ കോവിഡ് വാക്സിന്‍ പുറത്തിറക്കി. സ്പുട്നിക് വി എന്നാണു പേര്. ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ കോവിഡ് വാക്സിന്‍ കുത്തിവയ്പ് എടുത്തെന്ന് പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍.
  2. അടുത്ത മാസം പകുതിയോടെ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പത്തു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളാണ് ആദ്യം ആരംഭിക്കുക. ചെറിയ ക്ലാസുകള്‍ നവംബര്‍ വരെ ഓണ്‍ലൈനില്‍ തുടരേണ്ടിവരും.
  3. കേരളത്തിലെ 88 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് 11 ഇനം പലവ്യജ്ഞനങ്ങളുള്ള ഓണക്കിറ്റ് നാളെ മുതല്‍ വിതരണം ചെയ്യും. 500 രൂപ വിലയുള്ള ഉത്പന്നങ്ങളാണു കിറ്റിലുണ്ടാകുക. അന്ത്യോദയ വിഭാഗത്തിലെ മഞ്ഞ കാര്‍ഡുടമകളായ 5,95,000 കുടുംബങ്ങള്‍ക്ക് നാളെ മുതല്‍ 16 വരെ വിതരണം ചെയ്യും. പിങ്ക് കാര്‍ഡ് ഉടമകളായ  31 ലക്ഷം കുടുംബങ്ങള്‍ക്ക് 19, 20, 21, 22 തീയതികളില്‍ വിതരണം ചെയ്യും. നീല, വെള്ള കാര്‍ഡുടമകളായ 51 ലക്ഷം കുടുംബങ്ങള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കിറ്റ് നല്‍കും.
  4. ചിങ്ങം ഒന്നാം തീയതിയായ തിങ്കളാഴ്ച മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു ദര്‍ശനാനുമതി. ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയില്ല. നാലമ്പല ദര്‍ശനം അനുവദിക്കും. ഒരു സമയം അഞ്ചു പേര്‍ക്കു ദര്‍ശനം ആകാം. പത്തു വയസിനു താഴെയുള്ളവര്‍ക്കും, 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനമില്ല. പ്രസാദ വിതരണം ഉണ്ടാകില്ല. വഴിപാട് നിരക്ക് വര്‍ധിപ്പിക്കും. വിഴിപാട് പ്രസാദം പുറത്ത് വിതരണം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു.
  5. കേരളത്തില്‍ ഇന്നലെ 1417 പേര്‍ക്ക് കൊവിഡ്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും, 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ രോഗമുക്തി നേടി.
  6. സംസ്ഥാനത്തു കോവിഡ് ബാധിച്ച് ഇന്നലെ അഞ്ചു പേര്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയ തുറ മണിയന്‍ (80), ചെല്ലാനം സ്വദേശി റീത്ത ചാള്‍സ്, വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്.
  7. ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം : തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.
  8. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. രണ്ടാമതും പിടിക്കപ്പെട്ടാല്‍ രണ്ടായിരം രൂപ പിഴ ഈടാക്കും. മാസ്‌ക് ധരിക്കാത്ത 6954 സംഭവം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച പത്ത് പേര്‍ക്കെതിരെ കേസെടുത്തു.
  9. കോവിഡ് വ്യാപനം തടയാന്‍ തൃശൂരിലെ മാര്‍ക്കറ്റുകള്‍ അടച്ചിടുകയും പുറത്തുനിന്നുള്ളവരെ നിയന്ത്രിക്കുകയും ചെയ്ത മാതൃകയില്‍ സംസ്ഥാനത്തെ വലിയ മാര്‍ക്കറ്റുകളില്‍ മാര്‍ക്കറ്റ് മാനേജുമെന്റ് സംവിധാനം നടപ്പാക്കുമെന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിനു പുറത്തു നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെ സുരക്ഷിതമായി താമസിപ്പിക്കും. കൊല്ലം സിറ്റി മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ കണ്ടെയിന്‍മെന്റ് സോണിലും ക്ലോസ്ഡ് ഗ്രൂപ്പ് രൂപം നല്‍കും.
  10. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ 1.30 കോടി രൂപ നഷ്ടപരിഹാരം കൈമാറി. പോലീസിന്റെ അക്കൗണ്ടില്‍ നിന്നാണു പണം നല്‍കിയത്. നേരത്തേ നല്‍കിയ 60 ലക്ഷത്തിന് പുറമേയാണിത്. തിരുവനന്തപുരം സബ് കോടതിയിലുള്ള നഷ്ടപരിഹാര കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ വഴി സര്‍ക്കാര്‍ നടത്തിയ മധ്യസ്ഥ കരാറനുസരിച്ചാണ് ഇത്രയും തുക നല്‍കി കേസ് അവസാനിപ്പിച്ചത്.
  11. കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തോടു കേരളം വിയോജിപ്പ് അറിയിച്ചു. കൂടുതല്‍ ചര്‍ച്ച നടത്തി മാത്രമേ അന്തിമ തീരുമാനം എടുക്കാവു. കരിങ്കല്‍ ഖനനാനുമതി അഞ്ച് ഹെക്ടര്‍ വരെ എന്നതു രണ്ടു ഹെക്ടര്‍ എന്നാക്കി കുറയ്ക്കണം. ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്‍കാനുള്ള ജില്ലാ സമിതികളെ നിലനിര്‍ത്തണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
  12. സംസ്ഥാനത്തെ സംരംഭക സൗഹൃദമാക്കാന്‍ രൂപം നല്‍കിയ കെ സ്വിഫ്റ്റ് സംവിധാനം വഴി 2,547 എംഎസ്എംഇ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരപത്രം നല്‍കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 361 സേവനങ്ങള്‍ക്കുള്ള അംഗീകാരവും നല്‍കി. 717 കോടി രൂപയുടെ നിക്ഷേപം ഇങ്ങനെ വരും. 2020 ജൂലൈ 22 വരെ 2,378 അപേക്ഷകള്‍ തീര്‍പ്പാക്കി. കെ സ്വിഫ്റ്റിലേക്ക് സംരംഭകര്‍ നിക്ഷേപ നിര്‍ദ്ദേശം പൊതു അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചാല്‍ മതി. 10 കോടി വരെ നിക്ഷേപം വരുന്ന പദ്ധതികള്‍ക്ക് തത്സമയം അനുമതി നല്‍കും. സംരംഭം തുടങ്ങുന്നതിന് 15 സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും കെ സ്വിഫ്റ്റ് വഴി ബന്ധപ്പെടാം.
  13. കോഴിക്കോട് ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി. ഡയാലിസിസ് സെന്റര്‍ നിലനിര്‍ത്തി. രോഗികളുടെ സുരക്ഷയ്ക്ക് കൊവിഡ് വാര്‍ഡുമായി ബന്ധമില്ലാത്ത വിധത്തില്‍ ഡയലാസിസ് സെന്റര്‍ പ്രവര്‍ത്തിക്കും.
  14. സംസ്ഥാനത്ത് പടരാനിടയുള്ള എലിപ്പനി, ഡങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
  15. കേരളത്തില്‍ മഴ കുറയും. ഓഗസ്റ്റ് 15ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെങ്കിലും കേരളത്തിലെ കാലാവസ്ഥയെ ബാധിക്കില്ല. നദികളിലെ ജലനിരപ്പ് അപകട നിരപ്പില്‍ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് ഇറങ്ങിപ്പോയി.
  16. രാജമല പെട്ടിമുടി ദുരന്ത മേഖലയില്‍ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 52 ആയി.
  17. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വിഷയത്തില്‍ വാ തുറക്കാനാകാതെ വിദേശകാര്യ മന്ത്രാലയം. പാര്‍ലമെന്റിന്റെ വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്കു വിദേശകാര്യ ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കേസില്‍ അന്വേഷണം തുടരുന്നു എന്ന് മാത്രമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
  18. ലൈഫ് മിഷന്‍ വടക്കാഞ്ചേരിയില്‍ നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി കള്ളം പറയുകയാണെന്ന് അനില്‍ അക്കര എംഎല്‍എ. കെട്ടിട നിര്‍മാണവുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ ബന്ധവുമില്ലെന്നും റെഡ് ക്രസന്റാണ് എല്ലാം ചെയ്യുന്നതെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ വടക്കാഞ്ചേരി നഗരസഭയുടെയും റവന്യൂ വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിടം പണിയാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് 84,637 രൂപ അടച്ച് ലൈഫ് മിഷനാണു പെര്‍മിറ്റ് നേടിയതെന്ന് അനില്‍ അക്കര.
  19. സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷന്‍ പറ്റിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. റെഡ്ക്രസ്ന്റ് 20 കോടി നല്‍കിയ പദ്ധതിക്ക് നേരത്തെ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത് 13 കോടി രൂപയ്ക്കാണെന്നു വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു.
  20. മഴക്കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ തകര്‍ന്ന് 18 പേര്‍ മരിച്ചതിനു പിറകേയാണ് ഈ തീരുമാനം.
  21. ആലപ്പുഴ ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം പുനരാരംഭിക്കാം. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് മത്സ്യബന്ധനം അനുവദിച്ചത്.
  22. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
  23. യുവ കര്‍ഷകന്‍ മത്തായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കിണറില്‍ വീണു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
  24. സംസ്ഥാനത്ത് 25 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ആകെ 523 ഹോട്ട് സ്‌പോട്ടുകള്‍. പുതിയ ഹോട്ട് സ്‌പോട്ടുകള്‍ : പാലക്കാട് ജില്ലയിലെ കുത്തനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 4, 5, 6, 7, 8), മരുതറോഡ് (10), പല്ലശന (2), മങ്കര (9), വടക്കരപ്പതി (11), തിരുമിറ്റക്കോട് (11), പത്തനംതിട്ട ജില്ലയിലെ എരവിപേരൂര്‍ (1, 11, 13, 17), കുറ്റൂര്‍ (9), കടമ്പനാട് (10), പ്രമാടം (11), തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ (2), കോലഴി (12, 13, 14), തോളൂര്‍ (5), കോട്ടയം ജില്ലയിലെ വിജയപുരം (1), ആര്‍പ്പൂക്കര (1), വെച്ചൂര്‍ (6), കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് (എല്ലാ വാര്‍ഡുകളും), ചക്കിട്ടപ്പാറ (11, 13, 15, 17 സബ് വാര്‍ഡ് , 1), തിരുവമ്പാടി (9, 10 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ ചിതറ (17 സബ് വാര്‍ഡ്), പന്മന (8), എറണാകുളം ജില്ലയിലെ വേങ്ങൂര്‍ (2, 14, 15), ചേന്ദമംഗലം (10), തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍ (15), മലപ്പുറം ജില്ലയിലെ വണ്ടൂര്‍ (9, 10, 11, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
  25. ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍ : പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ (വാര്‍ഡ് 25), വാണിയംകുളം (6), കുലുകല്ലൂര്‍ (എല്ലാ വാര്‍ഡുകളും), നെല്ലായ (എല്ലാ വാര്‍ഡുകളും), പരുതൂര്‍ (എല്ലാ വാര്‍ഡുകളും), പട്ടിത്തറ (എല്ലാ വാര്‍ഡുകളും), തിരുവേഗപ്പുറ (എല്ലാ വാര്‍ഡുകളും), പെരുവെമ്പ് (1, 12), കിഴക്കാഞ്ചേരി (15), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചീക്കോട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലാമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (1, 6, 16), ഇളമാട് (9), ശൂരനാട് സൗത്ത് (12), തഴവ (18, 19, 20, 21), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (1, 2, 4, 14), തിരുവല്ല മുന്‍സിപ്പാലിറ്റി (5, 7, 8), പെരിങ്ങര (14), തിരുവനന്തപുരം ജില്ലയിലെ കരവാരം (6), പള്ളിച്ചല്‍ (3, 4), തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര (5, 6), കാട്ടൂര്‍ (6), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (എല്ലാ വാര്‍ഡുകളും), പയ്യോളി മുന്‍സിപ്പാലിറ്റി (20, 31,32), കോട്ടയം ജില്ലയിലെ കാണക്കാരി (10), എറണാകുളം ജില്ലയിലെ കാലടി (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
  26. തിരുവനന്തപുരത്തെ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അണുവിമുക്തമാക്കി. അക്കൗണ്ട്സ് വിഭാഗത്തിലെ ക്ലര്‍ക്കിനാണ് അസുഖം സ്ഥിരീകരിച്ചത്.
  27. മലപ്പുറത്ത് ഞായാറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ഡൗണ്‍ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
  28. കേരള – തമിഴ്‌നാട് അതിര്‍ത്തിയായ പുളിയംപാറയില്‍ ഉരുള്‍പൊട്ടല്‍. മരപ്പാലത്തുള്ള തോട് വഴി വഴിക്കടവ് പുഞ്ചകൊല്ലി പുഴ നിറഞ്ഞൊഴുകി.
  29. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ തത്കാലം ആരംഭിക്കില്ല. നിലവില്‍ സര്‍വീസ് നടത്തുന്ന 230 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ തുടരുമെന്നു റെയില്‍വേ.
  30. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പൈലറ്റുമാരെ അധിക്ഷേപിച്ചു മാധ്യമങ്ങളില്‍ സംസാരിച്ച സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറിനെ പുറത്താക്കണമെന്ന് പൈലറ്റുമാരുടെ സംഘടനകള്‍. ഈ ആവശ്യമുന്നയിച്ച് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ (ഐസിപിഎ) ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് (ഐപിജി) എന്നിവ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കത്തയച്ചു. വ്യോമയാന മേഖലയെപ്പറ്റി അറിവുള്ള ഒരാളെ പകരം നിയമിക്കണമെന്നാണ് ആവശ്യം.
  31. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 835 പേര്‍കൂടി മരിക്കുകയും 61,252 പേര്‍കൂടി രോഗികളാകുകയും ചെയ്തു. ഇതുവരെ 46,188 പേര്‍ മരിച്ചു. 23,28,405 പേര്‍ കോവിഡ് രോഗികളായി. 6.43 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 16.38 ലക്ഷം പേര്‍ രോഗമുക്തരായി.
  32. മഹാരാഷ്ട്രയില്‍ ഇന്നലെ 256 പേര്‍കൂടി മരിക്കുകയും, 11,088 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.48 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 118 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,834 പേര്‍കൂടി രോഗബാധിതരായി. ആന്ധ്രയില്‍ 9,024 പേര്‍ക്കും, കര്‍ണാടകത്തില്‍ 6,257 പേര്‍ക്കും, യുപിയില്‍ 5,041 പേര്‍ക്കും പുതുതായി രോഗം ബാധിച്ചു.
  33. രാജ്യത്തെ കോവിഡ് മരണനിരക്ക് പ്രതിദിനം കുറയുന്നുണ്ടെന്നും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19 സാഹചര്യം വിലയിരുത്തുന്നതിനായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
  34. മുന്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജിയുടെ ആരോഗ്യനില ഗരുതരാവസ്ഥയില്‍. ബ്രെയിന്‍ ശസ്ത്രക്രിയക്കുശേഷം ഡല്‍ഹി സൈനിക ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. കോവിഡ് ബാധിച്ചിട്ടുമുണ്ട്.
  35. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും തന്നെ ഒന്നിനും കൊളളാത്തവന്‍ എന്നുവിളിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തിനെ ബഹുമാനിക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്കൊടുവില്‍ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ച് സച്ചിന്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.
  36. ബാങ്കിലെ കവര്‍ച്ചയ്ക്കിടെ കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു. കൈയിലുണ്ടായിരുന്ന ഇലക്ട്രിക് കട്ടര്‍ അബദ്ധത്തില്‍ പ്രവര്‍ത്തിച്ചു കഴുത്തില്‍ കൊള്ളുകയായിരുന്നു. വഡോദരയിലെ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖയിലായിരുന്നു സംഭവം.
  37. നവജാത ശിശുവിനെ അപ്പാര്‍ട്ട്‌മെന്റിലെ ആറാം നിലയില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കേസെടുത്തു. മുംബൈ പാന്ത് നഗര്‍ ഗൗരീശങ്കര്‍ വാഡിയില്‍ താമസിക്കുന്ന 25കാരിക്കെതിരെയാണ് കേസ്. ഇവരുടെ ആരോഗ്യനില മോശമായതിനാല്‍ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  38. പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. ഉത്തര കന്നഡയിലെ കുംതയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹെഗ്ഡെ ഇങ്ങനെ വിശേഷിപ്പിച്ചത്.
  39. മാസ്‌ക് ധരിക്കാത്തതു ചോദ്യം ചെയ്ത വനിതാ ഹെഡ് കോണ്‍സ്റ്റബിളിനോടു തട്ടിക്കയറി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. രാത്രി ഒമ്പതോടെ ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കവെ കിസാന്‍പര ചൗക്കില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ സോനല്‍ ഗോസായ് ആണു ജഡേജയുടെ കാര്‍ തടഞ്ഞത്.
  40. പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റ് ജി.കെ മേനോന്‍ അന്തരിച്ചു. 93 വയസായിരുന്നു. സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററായി സേവനം ആരംഭിച്ച അദ്ദേഹം മുംബൈ ദാദറിലെ ശിവാജി പാര്‍ക്ക് ജിംഖാനയിലെ സജീവ അംഗമായിരുന്നു.
  41. ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 6,063 പേര്‍കൂടി മരിച്ചു. 2,54,725 പേര്‍കൂടി രോഗികളായി. ഇതോടെ 7,44,365 പേര്‍ മരിക്കുകയും, 2.05 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. ഇന്നലെ അമേരിക്കയില്‍ 1,370 പേരും, ബ്രസീലില്‍ 1,242 പേരും മരിച്ചു.
  42. പ്രൈം ഡെ വില്പനയില്‍ 209 കച്ചവടക്കാര്‍ കോടീശ്വരന്മാരായതായി ആമസോണ്‍ ഇന്ത്യയുടെ മേധാവി അമിത് അഗര്‍വാള്‍ അവകാശപ്പെട്ടു. 4000 ചെറുകിട വില്പനക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ വില്പന മറികടക്കാനായി. കരകൗശലതൊഴിലാളികളും, നെയ്ത്തുകാരും, സ്റ്റാര്‍ട്ടപ്പ് ബ്രാന്റുകളും യഥാക്രമം 6.7, 2.6, 2.1 ഇരട്ടി വളര്‍ച്ച കൈവരിച്ചതായാണ് ആമസോണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 91,000 ചെറുകിട ഇടത്തരം കച്ചവടക്കാരെ പങ്കെടുപ്പിച്ചു കൊണ്ടുനടത്തിയ വില്പന ഓഗസ്റ്റ് ഏഴിനാണ് സമാപിച്ചത്.
  43. ജൂണ്‍ പാദത്തില്‍ 270 കോടി രൂപ നഷ്ടംരേഖപ്പെടുത്തിയതോടെ ടൈറ്റാന്‍ കമ്പനിയുടെ ഓഹരി വില നാലുശതമാനം ഇടിഞ്ഞ് 1,057 നിലവാരത്തിലെത്തി. ഇതോടെ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപത്തില്‍ 199 കോടി രൂപയാണ് ഒരുമണിക്കൂറുകൊണ്ട് നഷ്ടമായത്. ജൂണ്‍ അവസാനത്തെ കണക്കെടുക്കുമ്പോള്‍ ജുന്‍ജുന്‍വാലയ്ക്ക് 4.43 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. അതായത് 3.93 കോടി ഓഹരികള്‍. പ്രമുഖ വാച്ച്, ആഭരണ നിര്‍മാതാക്കളായ ടൈറ്റാന്‍ കമ്പനിയുടെ വരുമാനത്തില്‍ ജൂണ്‍ പാദത്തില്‍ 74 ശതമാനമാണ് ഇടിവുണ്ടായത്.
  44. കിച്ച സുധീപ് നായകനാകുന്ന ‘ഫാന്റം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ”വിക്രാന്ത് റോണ-ദ വേള്‍ഡ് ഓഫ് ഫാന്റം” എന്ന ഹാഷ് ടാഗുകളോടെയാണ് കിച്ച സുധീപ് പോസ്റ്റര്‍ പങ്കുവച്ചത്. ഒരു ഗ്യാങ് ലീഡറുടെ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാന്റം.
  45. ദുല്‍ഖറിന്റെ കരിയറിലെ നാലാമത്തെ തമിഴ് ചിത്രമായിരുന്നു ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തെത്തിയ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’. തമിഴിനൊപ്പം തെലുങ്ക് പതിപ്പും കൂടിയാണ് ഒരേ ദിവസം തീയേറ്ററുകളിലെത്തിയത്. ‘കണുലു കണുലനു ദൊച്ചയണ്ടെ’ എന്നായിരുന്നു ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമിലും തെലുങ്ക് പതിപ്പ് മികച്ച വിജയം നേടുകയാണ്. തെലുങ്ക് ഒടിടി പ്ലാറ്റ്‌ഫോം ആയ അഹ വീഡിയോയിലാണ് ‘ദൊച്ചയണ്ടെ’ പ്രദര്‍ശിപ്പിക്കുന്നത്.
  46. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ 2020 മോഡല്‍ നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. ബിഎസ്6 പാലിക്കുന്ന പുതിയ ഹോണ്ട ജാസ് അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫെയ്സ്ലിഫ്റ്റ് ജാസിനായുള്ള ഔദ്യോഗിക ബുക്കിഗും ഹോണ്ട ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.
pathram desk 2:
Leave a Comment