രൺബിർ ലൈംഗിക അതിക്രമം നടത്തുന്നവൻ, ദീപിക മനോരോഗി: കങ്കണ റനൗട്ട്

സിനിമാരംഗത്തെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുത്തിന്റെ മരണം. പ്രമുഖതാരങ്ങളടക്കമുള്ളവർക്കെതിരെ വ്യത്യസ്ത രീതിയിലുള്ള വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും മാഫിയകളെ കുറിച്ചുമെല്ലാം വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ റനൗട്ട് മുന്നോട്ടു വയ്ക്കുന്നത്.

ദീപിക പദുക്കോണിനും രൺബിർ കപൂറിനുമെതിരെയാണ് കങ്കണയുടെ രൂക്ഷവിമർശനം. രൺബിർ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യുമാണെന്നാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾക്കിടെയാണ് കങ്കണയുടെ പരാമർശം. ‘രൺബിർ കപൂർ യഥാര്‍ത്ഥത്തിൽ ലൈംഗികാതിക്രമം നടത്തുന്നവനാണ്. പക്ഷേ, ആരും അയാളെ പരസ്യമായി അങ്ങനെ വിളിക്കാൻ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാൽ ആരും സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാൻ തയാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവർക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല.’– കങ്കണ പറയുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പോസ്റ്റുകൾക്കു പിന്നാലെയാണ് രൺബിർ കപൂറിനും ദീപികയ്ക്കും എതിരായ കങ്കണയുടെ പരാമർശം. കരീന കപൂറിനെതിരെയും മുൻ പോസ്റ്റുകളിൽ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, സുശാന്തിന്റെ മരണത്തെ ഉപയോഗപ്പെടുത്തി അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. അടുത്തിടെ തപ്സി പന്നു, സ്വര ഭാസ്കർ, റിച്ച ഛദ്ധ എന്നിവരുടെ നിലപാടുകളെയും കങ്കണ ചോദ്യം ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ ആയുഷ്മാൻ ഖുറേനയ്ക്കെതിരെയായിരുന്നു കങ്കണയുടെ ആരോപണം. സ്വന്തം നിലനിൽപിനായി സ്വജനപക്ഷപാതത്തിലൂടെ ബോളിവുഡിലേക്ക് കടന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നയാളായി ആയുഷ്മാൻ ഖുറേനമാറിയിരിക്കുന്നു എന്നായിരുന്നു കങ്കണയുടെ പ്രതികരണം. കങ്കണയുടെ അഭിപ്രായ പ്രകടനത്തിൽ ട്വിറ്ററിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.

pathram desk 1:
Related Post
Leave a Comment