പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി ബാഗ്പത് ജില്ല മുന്‍ അധ്യക്ഷന്‍ സഞ്ജയ് ഖോഖര്‍ ആണ് കൊല്ലപ്പെട്ടത്. ചപ്രൗളി പ്രദേശത്ത് ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരിമ്പ് കൃഷിയിടത്തില്‍ വെച്ചാണ് ആക്രമണം നടന്നത്. അജ്ഞാതരായ മൂന്നുപേരാണ് സഞ്ജയ് ഖോഖറിനെതിരെ നിറയൊഴിച്ചതെന്നാണ് പ്രാഥമിക വിവരം. നിരവധി തവണ ഇദ്ദേഹത്തിന് വെടിയേറ്റിട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ പോലീസ് വെടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സഞ്ജയ് ഖോഖറിന്റെ മൃതദേഹമാണ് കണ്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സഞ്ജയ് ഖോഖറിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദൃക്സാക്ഷികള്‍ ആരുമില്ലെങ്കിലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

follow us pathramonline

pathram:
Related Post
Leave a Comment