കോവിഡ് മഹാമാരിക്കു മുൻപുതന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മനുഷ്യനിർമിതമാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം. ലോക്ഡൗണും സർക്കാരിന്റെ നിലപാടുകളും ജനങ്ങൾക്ക് വേദനയാണു സമ്മാനിച്ചത്. ആ സമയത്തെ ലോക്ഡൗൺ ഒഴിവാക്കാവുന്നതായിരുന്നില്ല. എടുത്തുചാടിയുള്ള ലോക്ഡൗൺ പ്രഖ്യാപനവും കർശന നിയന്ത്രണങ്ങളും സർക്കാരിന്റെ ചിന്താശൂന്യതയെ എടുത്തുകാണിക്കുന്നുവെന്നും മൻമോഹൻ പറയുന്നു. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുൻ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വരും വർഷങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി പഴയപോലെ നിലനിർത്തുന്നതിന് ആവശ്യമായ മൂന്നു നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. നേരിട്ടുള്ള ധനസഹായത്തിലൂടെ, ജനങ്ങളുടെ ചെലവിടൽ ശേഷി സർക്കാര്‍ ഉറപ്പുവരുത്തണം. സർക്കാർ പിന്തുണയുള്ള ക്രെഡിറ്റ്പദ്ധതികൾ വഴി വ്യവസായങ്ങൾക്ക് അനുയോജ്യമായ മൂലധനം ഒരുക്കണം. സാമ്പത്തിക സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെയും രാജ്യത്തെ സാമ്പത്തിക മേഖലയെ കരകയറ്റണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
നേരിട്ട് പണം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അധിക വായ്പ വാങ്ങൽ വളരെ അനിവാര്യമായ ഒന്നാണെന്ന് മൻമോഹൻ പറയുന്നു. ഇത് ഇന്ത്യയുടെ കടവും ജിഡിപിയും വർധിപ്പിക്കും. എന്നാൽ കടംവാങ്ങൽ ജീവൻ രക്ഷിക്കുകയും ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയും സാമ്പത്തികവളർച്ചയുണ്ടാക്കുകയും ചെയ്യും. കടംവാങ്ങുന്നതിൽ നമ്മൾ നാണക്കേട് വിചാരിക്കേണ്ടതില്ല. പകരം ഇത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണു മനസ്സിലാക്കേണ്ടതെന്നും മൻമോഹൻ സിങ് പറയുന്നു.
Leave a Comment