ന്യൂഡല്‍ഹി: കേട്ടാല്‍ അത്ഭുതം തോന്നാം, എന്നാല്‍ സംഭവം സത്യമാണ്. ഫെയ്‌സ്ബുക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യശ്രമത്തില്‍നിന്ന് യുവാവിനെ പോലീസ് പിന്തിരിപ്പിച്ചു. ഡല്‍ഹി, മുംബൈ പോലീസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ചടുലമായ നീക്കത്തിനൊടുവിലാണ് ആത്മഹത്യയ്ക്ക് ഒരുങ്ങിയ 27-കാരനെ കണ്ടെത്തിയത്. ഇയാളെ പിന്നീട് കൗണ്‍സിലിങ്ങിന് വിധേയനാക്കി.
വെറും അഞ്ച് മണിക്കൂര്‍ കൊണ്ടാണ് മുംബൈയില്‍ താമസിച്ചിരുന്ന ഡല്‍ഹി സ്വദേശിയെ പോലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍(സൈബര്‍) അനിയേശ് റോയിക്ക് ഫെയ്‌സ്ബുക്കില്‍നിന്ന് ഇ-മെയില്‍ സന്ദേശം ലഭിക്കുന്നത്. ഡല്‍ഹിയില്‍നിന്നുണ്ടാക്കിയ ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ തുടര്‍ച്ചയായി ആത്മഹത്യാപ്രവണത കാണിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു സന്ദേശം. അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറും മറ്റുവിവരങ്ങളും ഫെയ്‌സ്ബുക്ക് ഡല്‍ഹി പോലീസിന് കൈമാറിയുന്നു.
ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ അനിയേശ് റോയിയും സൈബര്‍ പോലീസ് സംഘവും മൊബൈല്‍ നമ്പറിന്റെ ഉടമയെ അന്വേഷിച്ച് കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലായിരുന്നു മൊബൈല്‍ കണക്ഷന്‍. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തതോടെ ഇവരുടെ ഭര്‍ത്താവാണ് ഈ നമ്പറിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതെന്നും 27-കാരനായ അദ്ദേഹം മുംബൈയില്‍ പാചകക്കാരനായി ജോലി ചെയ്യുകയാണെന്നും വ്യക്തമായി. രണ്ടാഴ്ച മുമ്പ് തന്നോട് വഴക്കിട്ടാണ് ഭര്‍ത്താവ് മുംബൈയിലേക്ക് പോയതെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍ കൈയിലുണ്ടെങ്കിലും മുംബൈയിലെ വിലാസം അറിയില്ലെന്നും ഭാര്യ മൊഴി നല്‍കി.
യുവാവ് ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറില്‍ ഡല്‍ഹി പോലീസ് ഉടന്‍തന്നെ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സമയം രാത്രി 11 ആയെങ്കിലും അനിയേശ് റോയ് അപ്പോള്‍തന്നെ മുംബൈ സൈബര്‍ പോലീസ് ഡിസിപി രശ്മി കരണ്‍ധിക്കറെ വിവരമറിയിച്ചു. ഇതോടെ മുംബൈ പോലീസും യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
എന്നാല്‍ രാത്രി 12.30 വരെ സംഭവത്തില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ തങ്ങള്‍ കുടുങ്ങിപ്പോയെന്നായിരുന്നു മുംബൈ ഡിസിപി രശ്മിയുടെ പ്രതികരണം. ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന നാല് വീഡിയോകളാണ് അയാള്‍ പോസ്റ്റ് ചെയ്തിരുന്നത്. സമയം പോകുംതോറും അയാള്‍ ജീവനൊടുക്കുമോ എന്ന ആശങ്കയും വര്‍ധിച്ചു. യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ അയാള്‍ എവിടെയുണ്ടെന്നറിയാന്‍ ഒരു മാര്‍ഗവുമില്ല. ഇതിനിടെ യുവാവിന്റെ അമ്മയെക്കൊണ്ട് വാട്‌സാപ്പില്‍ വിളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു റിങ്ങിന് ശേഷം ഫോണ്‍ ഡിസ്‌കണക്ട് ആയി- ഡിസിപി രശ്മി രണ്‍ധിക്കര്‍ പറഞ്ഞു.
എന്തുചെയ്യുമെന്നറിയാതെ പോലീസ് സംഘം കുഴങ്ങിയപ്പോഴാണ് ഭാഗ്യം പോലെ ആ ഫോണ്‍കോള്‍ വന്നത്. യുവാവ് മറ്റൊരു നമ്പറില്‍നിന്ന് അമ്മയെ വിളിച്ചത് പോലീസിന് തുമ്പായി. ഇതോടെ ഒരു മണിക്കൂറിനുള്ളില്‍ 27-കാരനെ കണ്ടെത്തി. ഈ സമയമാകെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യുവാവിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും കടുംകൈ ചെയ്യരുതെന്നും പറഞ്ഞു. ഏകദേശം 1.30-ഓടെ പോലീസ് സംഘം യുവാവിന്റെ താമസസ്ഥലെത്തിയതോടെ ഡല്‍ഹി പോലീസിനും അനിയേശ് റോയിക്കും ആശ്വാസമായി.
ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ കാരണമായതെന്നായിരുന്നു യുവാവിന്റെ മൊഴി. അടുത്തിടെ കുഞ്ഞ് ജനിച്ചതും കുഞ്ഞിനെ നല്ല രീതിയില്‍ വളര്‍ത്താനാകുമോ എന്ന ആശങ്കയും വര്‍ധിച്ചു. ഈ ഘട്ടത്തിലാണ് ജീവനൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്നും 27-കാരന്‍ പറഞ്ഞു. എന്തായാലും നഷ്ടപ്പെട്ട് പോകാമായിരുന്ന ജീവന്‍ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് പോലീസ് സംഘം. ഒപ്പം ഫെയ്‌സ്ബുക്കിനും അഭിമാനിക്കാം. യുവാവിന് പിന്നീട് പോലീസ് സംഘം തന്നെ വിശദമായ കൗണ്‍സിലിങ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
Leave a Comment