വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു, അവനാന നിമിഷം സംഭവിച്ചതെന്ത്?

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ (ഡിഎഫ്ഡിആർ) കണ്ടെത്തിയതോടെ അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് വിദഗ്ധർക്ക് കണ്ടെത്താനാകും. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ) വീണ്ടെടുക്കുന്നതിനായി ഫ്ലോർബോർഡ് മുറിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ പറഞ്ഞു.

ഇതെല്ലാം അന്വേഷണസംഘത്തിനു കൈമാറും. സാങ്കേതിക വിദഗ്ധർ ചേർന്നുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് അറിയുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിദേശത്തുനിന്നുള്ള വിദഗ്ധരെയും ഉൾപ്പെടുത്തിയേക്കും.

കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന നിർമാണ രംഗത്തെ വിദഗ്ധർ, പരിചയസമ്പന്നരായ വൈമാനികർ തുടങ്ങി വിവിധ തലങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണ് വിമാന അപകടത്തെ കുറിച്ചുള്ള ഡേറ്റകൾ പരിശോധിക്കുക. വിമാന നിർമാതാക്കളായ ബോയിങ്, എൻജിൻ നിർമാതാക്കൾ, ഡിജിസിഎ എന്നിടങ്ങളിൽ നിന്നുള്ള വിദഗ്ധരും അന്വേഷണത്തിന്റെ ഭാഗമായേക്കും.

ബ്ലാക് ബോക്സിലെ വിശദാംശങ്ങളും കോക്പിറ്റ് വോയ്സ് റെക്കോർഡറും പരിശോധിച്ചാൽ അപകടകാരണത്തെ കുറിച്ച് ധാരണ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തിൻറെ ഓരോ ഘടകങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പൈലറ്റും എയർട്രാഫിക് കൺട്രോളുമായുള്ള സംഭാഷണങ്ങൾ, കോക്പിറ്റ് വോയിസ് റെക്കോഡർ, വിമാനത്തിനകത്തെ മറ്റു ഡിജിറ്റൽ വിവരങ്ങൾ, ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ എല്ലാം അന്വേഷണത്തിനായി ഉപയോഗിച്ചേക്കും.

pathram desk 1:
Related Post
Leave a Comment