കേരളത്തിന് കറുത്ത വെള്ളിയാഴ്ച്ചയാണ് കടന്ന് പോയത്. 17 പേരുടെ മരണത്തിന് ഇടയാക്കിയ ഇടുക്കി രാജമലയിലെ മണ്ണിടിച്ചിൽ നടന്ന ദിവസം തന്നെ രാത്രിയോടെ കരിപ്പൂർ വിമാനത്താവളത്തിലെ വിമാനാപകടവും സംഭവിച്ചത് കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. ഈ സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോഴുള്ള കോവിഡ് ബോധവൽക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം.
കേരളം മറ്റൊരു പ്രളയഭീതിയിൽ നിൽക്കുമ്പോൾ റെക്കോർഡു ചെയ്തുവച്ച സന്ദേശം മൂലം ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാനുള്ള സമയമാവും നഷ്ടപ്പെടുകയെന്നും ഷെയ്ൻ പറയുന്നു.
സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..
ഷെയ്നിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. 19 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 1344-ാം നമ്പർ വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവെയിൽ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളരുകയായിരുന്നു.
അതേസമയം വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായ 49 പേർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.
Leave a Comment