സ്വപ്‌നയുടെ സ്വര്‍ണം സമ്മാനം; തെളിവായി 120 പവന്‍ അണിഞ്ഞു നില്‍ക്കുന്ന വിവാഹചിത്രം

കൊച്ചി : എം. ശിവശങ്കർ തന്റെ മാർഗദർശിയായിരുന്നെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എൻഐഎയ്ക്ക് നൽകിയ മൊഴിയിലുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ. സ്വപ്നയുടെ തന്നെ അഭിഭാഷകനാണ് ഇക്കാര്യം കോടതിവളപ്പിൽ മാധ്യമങ്ങളെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹർജിയിൽ പ്രതിഭാഗത്തിന് മറുപടി നൽകുന്നതിനുള്ള പോസ്റ്റിങ്ങായിരുന്നു ഇന്നുണ്ടായിരുന്നത്. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും ഒരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചില്ലെന്നുമാണ് കോടതിയിൽ വാദിച്ചത്. സ്വപ്നയിൽനിന്ന് കണ്ടെത്തിയ ഒരു കിലോ സ്വർണം സമ്മാനമായി ലഭിച്ചതാണ് എന്നതിനു തെളിവായി ഇവർ വിവാഹത്തിന് 120 പവൻ സ്വർണം ധരിച്ചു നിൽക്കുന്ന ചിത്രം കോടതിയിൽ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കുമെന്ന എൻഐഎയുടെ വാദം ചില സന്ദർഭങ്ങളെ ചൂണ്ടിക്കാണിച്ചാണ്. പ്രതികളുടെ മൊഴികൾ ചൂണ്ടിക്കാണിച്ചതൊഴികെ മറ്റു തെളിവുകളൊന്നും എൻഐഎയ്ക്ക് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ കേസിന്റെ തീവ്രവാദ സ്വഭാവം എന്താണ് എന്നായിരുന്നു കോടതിയിൽ ചോദ്യം ഉന്നയിച്ചത്. എൻഫോഴ്സ്മെന്റ്, കസ്റ്റംസ് തുടങ്ങിയവർ ഇത് അന്വേഷിക്കുന്നുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിന്, അതുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളുള്ളപ്പോൾ യുഎപിഎ എന്തിനാണെന്നും ചോദിച്ചിട്ടുണ്ട്.

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും ശിവശങ്കർ മാർഗദർശിയാണെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്നാണ് എൻഐഎ കോടതിയിൽ പറഞ്ഞത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടെന്ന് പറഞ്ഞിട്ടില്ല. കേസെടുത്ത് 25 ദിവസമായിട്ടും എൻഐഎ നിൽക്കുന്നത് പ്രതികളുടെ കുറ്റസമ്മത മൊഴിയിലാണ്. എൻഐഎയ്ക്ക് ഇതുവരെയും തെളിവ് ശേഖരിക്കാൻ സാധിച്ചിട്ടില്ലാത്തതിന്റെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു വാദം. പൂർണമല്ലാത്ത കേസ് ഡയറിയാണ് എൻഐഎ കോടതിയിൽ ഹാജരാക്കിയത് എന്ന് തർക്കവും ഉന്നയിച്ചു.

സ്വപ്നയിൽനിന്ന് കണ്ടെത്തിയ സ്വർണം പൂർണമായും ആഭരണങ്ങളാണ്. അത് സ്വർണക്കട്ടി ആയിരുന്നെങ്കിൽ വേറൊരു മാനം ഉണ്ടെന്നു പറയാമായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇത് അവരുടെ മകളുടെ വിവാഹത്തിനോ വ്യക്തിപരമായ ആവശ്യത്തിനോ സൂക്ഷിച്ചതായിരുന്നു. അവരിൽനിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. അത് സ്വർണക്കടത്തിൽനിന്ന് ഉണ്ടാക്കിയതല്ല എന്ന് വ്യക്തമാക്കുന്നതാണ് ഹാജരാക്കിയ രേഖകൾ. അതു ശരിയല്ലെന്ന് അന്വേഷിച്ച് തെളിയിക്കാതെ അവരെ കുറ്റവാളിയാക്കാനാവില്ലെന്നും കോടതിയിൽ വാദിച്ചതായി അഭിഭാഷകൻ പറഞ്ഞു. ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പത്താം തീയതിയിലേക്കു മാറ്റി വച്ചു.

pathram desk 1:
Related Post
Leave a Comment