തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കാനാണ് പൊലീസുകാര്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയല്ല പൊലീസ് ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി അവര്‍തന്നെ ചെയ്യും. എന്നാല്‍, പൊലീസിന് അധികജോലി നല്‍കിയിട്ടുണ്ട്. അത് ആരോഗ്യമേഖലയെ സഹായിക്കാനാണ്. ഈ നടപടിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ എല്ലാഘട്ടത്തിലും ആരോഗ്യ പ്രവര്‍ത്തകരും പൊലീസും തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം എല്ലാവര്‍ക്കുമറിയാം. തുടര്‍ച്ചയായ അധ്വാനം സ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്ഷീണമുണ്ട്. ഇപ്പോള്‍ രോഗവ്യാപനത്തിന്റെ ഘട്ടമാണ്.
രോഗികളുടെയും നീരിക്ഷണത്തിലുള്ളവരുടേയും എണ്ണം കൂടുന്നു. ഇതെല്ലാം ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ ചികില്‍സയ്ക്ക് സംവിധാനം ഒരുക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം വീണ്ടും വര്‍ധിക്കും. അത്തരമൊരു ഘട്ടത്തില്‍ അവരെ കൂടുതല്‍ സഹായിക്കേണ്ടതുള്ളതിനാലാണ് പൊലീസിനെ നിയോഗിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയെ പൂര്‍ണതയില്‍ എത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ഒരുപാട് യാത്ര ചെയ്തവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമായിരിക്കും. അപ്പോള്‍ സൈബര്‍ സഹായം ആവശ്യമായിവരും. ഇക്കാര്യത്തിലെല്ലാം സഹായിക്കാന്‍ പൊലീസിനു കഴിയും. പൊലീസിനെ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയേല്‍പ്പിച്ച തീരുമാനം ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. അപൂര്‍വം ചിലര്‍ക്ക് പ്രത്യേക മാനസികാവസ്ഥയുണ്ട്. രോഗവ്യാപനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍. അത്തരക്കാര്‍ക്കേ സര്‍ക്കാരിന്റെ ഈ നിലപാടിനെ ആക്ഷേപിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു
FOLLOW US PATHRAMONLINE
Leave a Comment