തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സി ആപ്റ്റിലേക്കു (കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്) യുഎഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ എത്തിയിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സർക്കാർ വാഹനത്തിലാണ് പുസ്തകങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
സ്ഥാപനത്തിലെത്തുന്ന പാക്കറ്റുകൾ പൊട്ടിച്ച ശേഷമാണ് വാഹനത്തിൽ കയറ്റിയിരുന്നതെന്നും പുസ്തകങ്ങൾ സി ആപ്റ്റിലെ ചില ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നതായും കസ്റ്റംസിനു വിവരം ലഭിച്ചു. മന്ത്രി കെ.ടി.ജലീലാണ് സി ആപ്റ്റ് ഭരണസമിതിയുടെ ചെയർമാൻ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി സി ആപ്റ്റ് ഉദ്യോഗസ്ഥർ ബന്ധം പുലർത്തിയത് പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് നയതന്ത്രമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
നയതന്ത്രത്തിലെ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു എന്നാണ് അവരുടെ വിലയിരുത്തൽ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാൻ പാടില്ല. യുഎഇ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച ശേഷമാണ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരുമായുള്ള ഔദ്യോഗിക കാര്യങ്ങൾ ചെയ്യേണ്ടത്. സംസ്ഥാന പൊതുഭരണവകുപ്പിലെ പ്രോട്ടോകോൾ വിഭാഗമാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നടപടികൾ സ്വീകരിക്കേണ്ടത്.
സി ആപ്റ്റിന്റെ കാര്യത്തിൽ പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടതായാണ് നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നത്. സി ആപ്റ്റിലെ ഉദ്യോഗസ്ഥരുമായി കോൺസുലേറ്റിലെ ജീവനക്കാർ വ്യക്തിബന്ധം പുലർത്തുകയും സ്ഥാപനത്തിൽ നിരവധി തവണ സന്ദർശനം നടത്തുകയും ചെയ്തു. കോൺസുലേറ്റിലെ ഔദ്യോഗിക വാഹനത്തിലായിരുന്നു ഉദ്യോഗസ്ഥർ എത്തിയിരുന്നത്.
സന്ദർശനത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സി ആപ്റ്റായി മാറിയത്. കംപ്യൂട്ടർ, ആനിമേഷൻ, പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സി ആപ്റ്റ്.
Leave a Comment