കൊവിഡ് പ്രതിരോധത്തിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ല; വിശദീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ലെന്നും പൊലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. മന്ത്രിസഭാ യോഗത്തിലായിരുന്നു വിശദീകരണം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു. അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സർവെയ്‌ലൻസ് ചുമതലയാണ് പൊലീസിന് നൽകിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതിനിടെ, രണ്ടാഴ്ചക്കകം സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. ക്വാറന്റീൻ, സാമൂഹിക അകലം, സമ്പർക്ക പട്ടിക തയ്യാറാക്കൽ തുടങ്ങിയ കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പുവരുത്തണമെന്ന നിർദേശവും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നൽകുകയും ചെയ്തു. കളക്ടർമാർ ജില്ലാ പൊലീസ് മേധാവിമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി നിരന്തര ആശയവിനിമയം നടത്തി പരസ്പര സഹകരണം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇൻസിഡന്റ് കമാൻഡോമാരായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയമിക്കണം. ജില്ലാ പൊലീസ് മേധാവിമാരുമായി ആലോചിച്ചാകണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും നിർദേശമുണ്ട്.

കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകിയത് വിവാദമായിരുന്നു. ഐ.എം.എ, കെ.ജി.എം.ഒ.എ, കേരളാ ഹെൽത്ത് ഇൻസ്‌പെട്‌ക്ടേഴ്‌സ് യൂണിയൻ തുടങ്ങിയ സംഘടനകൾ പ്രതിഷേധം അറിയിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment